കോഴിക്കോട് :2018 ലെ പ്രളയത്തിന്‍റെ നടുക്കുന്ന ഓർമകളുണർത്തി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോഴിക്കോട് നിരവധി മേഖലകളിൽ വെള്ളം കയറി. ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങളിൽ ദുരിതം രൂക്ഷമാണ്. ശക്തമായ മഴയെ തുടർന്ന് ചാലിയാറും ചെറുപുഴയും ഇരുവഞ്ഞിയും കരകവിഞ്ഞതാണ് വെള്ളപ്പൊക്കം രൂക്ഷമാകാൻ കാരണം.
പുഴകളിലെ ജലനിരപ്പ് ഉയർന്നതോടെ മാവൂർ പഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. അഞ്ഞൂറിലേറെ വീടുകളിൽ വെള്ളം കയറിയതായാണ് പ്രാഥമിക വിവരം. 235 പേരാണ് ഇതുവരെ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്‌തത്. മറ്റുള്ളവർ ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യാതെ നേരത്തെ തന്നെ ബന്ധുവീടുകളിലേക്ക് മാറിയിരുന്നു.
മാവൂർ മേഖലയിലെ തൊണ്ണൂറ് ശതമാനം റോഡുകളും വെള്ളത്തിൽ മുങ്ങിയ നിലയിൽ തന്നെയാണ്. ഈ ഭാഗങ്ങളിലേക്കുള്ള ഗതാഗതവും നിലച്ചിട്ടുണ്ട്. ചെറിയ വഞ്ചികൾ ഉപയോഗിച്ചാണ് സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലുള്ളവരെ പുറത്തേക്ക് കൊണ്ടുവരുന്നത്. വീടുകൾക്ക് പുറമെ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് കച്ചവടക്കാർക്ക് ഉണ്ടായത്.