കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി നിസാർ അഹമ്മദാണ് ഹര്‍ജി തള്ളിയത്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും പ്രേരണാക്കുറ്റം നിലനിൽക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് കോടതി ദിവ്യയുടെ ഹര്‍ജി തള്ളിയത്.
കോടതി നടപടി ആരംഭിച്ച ഉടനെ തന്നെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതായി ജഡ്‌ജി പ്രഖ്യാപിക്കുകയായിരുന്നു. വിധി പ്രഖ്യാപനത്തിൽ സന്തോഷമുണ്ടെന്ന് എഡിഎം കെ നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷക്ക് വേണ്ടി ഹാജരായ അഭിഭാഷക പിഎം സജിത മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
യാത്രയപ്പ് യോഗത്തിലെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ആത്മഹത്യയ്ക്ക് പ്രേരണയാകുന്ന ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു ദിവ്യ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, കടുത്ത വൈരാഗ്യം നവീൻ ബാബുവിനോട് ദിവ്യക്ക് ഉണ്ടായിരുന്നുവെന്നും കുടുംബം കോടതിയിൽ വാദിച്ചിരുന്നു.
പി പി ദിവ്യക്ക് എതിരെ ആത്മഹത്യ പ്രേരണയ്ക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്. ദിവ്യയെ ചോദ്യം ചെയ്യാനോ അറസ്‌റ്റ് രേഖപ്പെടുത്താനോ പൊലീസ് തയ്യാറായിരുന്നില്ല.
Read More : നവീൻ ബാബു അവസാനം മെസേജ് അയച്ചത് രണ്ട് പേര്‍ക്ക്; സന്ദേശത്തില്‍ ഭാര്യയുടെയും മകളുടെയും നമ്പര്‍