കാസർകോട്: അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കാളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് ആഘാതം കൂട്ടിയത് പടക്കപുരയും തെയ്യം കാണാൻ എത്തിയവരും തമ്മിൽ അകലം ഇല്ലാത്തതെന്ന് പ്രാഥമിക നിഗമനം. പടക്കപുരയ്ക്ക് തൊട്ടടുത്ത് നിന്നാണ് സ്ത്രീകളും കുട്ടികളുമടക്കം തെയ്യം കണ്ടിരുന്നത്. ഇതിനിടയിൽ പുറകിൽ മാലപ്പടക്കത്തിനു തീ കൊളുത്തി. മാലപ്പടക്കം പൊട്ടുന്നതിനിടയിൽ തീപ്പൊരി പടക്കപുരയിൽ വീണെന്നും, തുടര്‍ന്ന് സ്ഫോടനം ഉണ്ടായെന്നും ദൃസാക്ഷികൾ പറഞ്ഞു. അതേസമയം സംഭവത്തിൽ എട്ടു പേർക്കെതിരെ നീലേശ്വരം പൊലീസ് കേസ് എടുത്തു.
ക്ഷേത്രകമ്മിറ്റി അംഗങ്ങളായ 8 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. അശ്രദ്ധമായി വെടിക്കെട്ട് നടത്തി വെടിപ്പുരയ്ക്ക് തീ പിടിച്ചെന്നും അനുമതിയില്ലാതെ മാനദണ്ഡങ്ങൾ പാലിക്കാതെ വെടിക്കെട്ട് നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. ക്ഷേത്രത്തിന്‍റെ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി ഇല്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം സ്ഫോടനത്തിനിടയിൽ വലിയ പൊട്ടിത്തെറിയുണ്ടായതോടെ ചിതറി ഓടുന്നതിനിടയിൽ വീണ് നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 14 പേരുടെ നിലഗുരുതരമാണ്.
പൊട്ടിത്തെറിച്ചത് ചൈനീസ് പടക്കങ്ങള്‍:
ചൈനീസ് പടക്കങ്ങൾ ആണ് കൂടുതലും ഉണ്ടായതെന്ന് നാട്ടുകാരും ക്ഷേത്രവുമായി ബന്ധപ്പെട്ടവരും പറയുന്നു.
വെടിക്കെട്ട് നടത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായില്ലെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഉഗ്ര സ്ഫോടനശേഷി ഇല്ലാത്ത പടക്കങ്ങൾ ഇല്ലാത്തതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവിച്ചത് വലിയ വീഴ്‌ച, ജാഗ്രതക്കുറവെന്ന് ഇ ചന്ദ്രശേഖരൻ
അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കാളിയാട്ടത്തിനിടെ പടക്കപുരയ്‌ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നും സംഭവിച്ചത് വലിയ വീഴ്‌ചയെന്നും എംഎൽഎ ഇ ചന്ദ്രശേഖരൻ പറഞ്ഞു. പടക്കം കൈകാര്യം ചെയ്യുമ്പോൾ ഉള്ള നിയമങ്ങൾ പാലിച്ചിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. സർക്കാർ തലത്തിൽ ഇടപെടൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്ഷണിച്ച് വരുത്തിയ ദുരന്തമാണെന്ന് സിപിഎം
ക്ഷണിച്ച് വരുത്തിയ ദുരന്തമാണെന്നും പടക്കം കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിച്ചുവെന്നും സിപിഎം ജില്ല സെക്രട്ടറി എം വി ബാലകൃഷ്‌ണൻ പറഞ്ഞു. വിദഗ്‌ധരല്ല പടക്കം കൈകാര്യം ചെയ്‌തത്. സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. അശ്രദ്ധയാണ് അപകട കാരണമെന്നും തിരക്ക് വർധിച്ചതും അപകടത്തിന്‍റെ വ്യാപ്‌തി കൂട്ടിയെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണൻ പറഞ്ഞു.
അപകടം രാത്രി 12 മണിയോടെ
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിൽ 12 മണിയോടെയാണ് ഉത്സവത്തിനിടെ പടക്കപുരയ്ക്ക് തീപിടിച്ചത്. അപകടത്തില്‍പെട്ട 14 പേരുടെ നില ഗുരതരമാണ്. 154 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമാണ്. പരുക്കേറ്റവരെ കാസർകോട്ടെയും കണ്ണൂരിലെയും മംഗലാപുരത്തെയും കോഴിക്കോടേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന ഉടനെ നാട്ടുകാർ തന്നെയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പലരെയും ചാക്കുകളിലും മറ്റും പൊതിഞ്ഞാണ് ആശുപത്രികളിൽ എത്തിച്ചതെന്നു നാട്ടുകാർ പറയുന്നു.