ശ്രീനഗര്‍: അഖ്‌നൂര്‍ സെക്‌ടറിലുണ്ടായ ഭീകരാക്രമണത്തിന്‍റെയും ഏറ്റുമുട്ടലിന്‍റെയും പശ്ചാത്തലത്തില്‍ പൂഞ്ച്, രജൗരി ജില്ലകളില്‍ സുരക്ഷ ശക്തമാക്കി. സൈന്യം, പൊലീസ്, സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), സിആർപിഎഫ് എന്നിവരടങ്ങുന്ന സംയുക്ത സംഘങ്ങളെയാണ് സുരക്ഷയ്‌ക്കായി മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ നൗഷേര സെക്‌ടറിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രജൗരിയിലെ സുന്ദർബാനിക്ക് സമീപമാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായത്. ഈ സാഹചര്യത്തില്‍ രജൗരി, പൂഞ്ച് ജില്ലകളിലെ സുരക്ഷ ക്രമീകരണങ്ങള്‍ നവീകരിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.
നിയന്ത്രണ രേഖയ്‌ക്ക് സമീപങ്ങളിലും ഉള്‍പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സ്ഥിരം ചെക്ക് പോസ്റ്റുകള്‍ക്ക് പുറമെ മൊബൈൽ വെഹിക്കിൾ ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്‌ചയാണ് അഖ്‌നൂർ സെക്‌ടറിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
സൈനിക ആംബുലൻസിന് നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.
ഭീകരരില്‍ രണ്ട് പേരെ ഇന്ന് നടത്തിയെ തെരച്ചിലിനിടെയാണ് സൈന്യം വധിച്ചത്. അഖ്‌നൂരിലെ ഖൗർ മേഖലയിലെ ജോഗ്‌വാൻ ഗ്രാമത്തിന് സമീപം സുരക്ഷാ സേനയ്‌ക്ക് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു.