കേരളം

kerala

ETV Bharat / state

നള- ദമയന്തി പുനസമാഗമത്തിൽ മനം നിറഞ്ഞ് കഥകളിമേളയുടെ രണ്ടാം രാവ് - KATHAKALI MELA AT AYROOR

കഥകളിമേളയുടെ മൂന്നാം ദിവസമായ ഇന്ന് കരീന്ദ്രൻ തമ്പുരാൻ്റെ വിഖ്യാതമായ രാവണ വിജയത്തിലെ രംഭാപ്രവേശം അരങ്ങിലെത്തും.

NALACHARITHAM PERFORMANCE AYROOR  KATHAKALI PERFORMANCE AYROOR  KATHAKALI VILLAGE AYROOR  NALACHARITHAM AATTAKATHA
Nalacharitham Attakadha Kathakali Performance (ETV Bharat)

By ETV Bharat Kerala Team

Published : Jan 8, 2025, 5:22 PM IST

പത്തനംതിട്ട:മകരക്കുളിരും പൂനിലാവും, പമ്പയിലെ കുഞ്ഞോളങ്ങളെ തഴുകിയെത്തുന്ന ഇളംകാറ്റുമെല്ലാം പ്രണയാർദ്രമാക്കിയ രാവിൽ നള- ദമയന്തി പുനസമാഗമത്തിൽ മനം കുളിർത്ത് കഥകളി ഗ്രാമം. പ്രണയത്തിൻ്റെ വേദപുസ്‌തകമായി കരുതപ്പെടുന്ന ഉണ്ണായി വാര്യരുടെ നളചരിതത്തിലെ കേശിനീമൊഴിയാണ് കഥകളിമേളയുടെ രണ്ടാം ദിവസം അരങ്ങിലെത്തിയത്.

കഥകളി പ്രേമികൾക്ക് എത്ര ആടിക്കണ്ടാലും മതിവരാത്തതും, എത്ര പാടി കേട്ടാലും കൊതി തീരാത്ത കഥകളിപ്പാട്ടുകളടങ്ങിയ, നവരസങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഭാഗമാണ് കേശിനിമൊഴി. ഹംസ ദൂതിലൂടെ നള- ദമയന്തിമാർ പ്രണയത്തിലാവുകയും സ്വയംവരത്തിലൂടെ നളൻ ദമയന്തിയെ സ്വന്തമാക്കുകയും ചെയ്യുന്നു.

എന്നാൽ സുന്ദരനും ധർമ്മിഷ്‌ഠനുമായ നളന് അപ്‌സരസുകളെ അതിശയിപ്പിക്കുന്ന സുന്ദരിയായ ദമയന്തിയെ ലഭിച്ചതിൽ ദേവൻമാർ അസൂയാലുക്കളാകുന്നു. ദേവൻമാരുടെ നിർദേശാനുസരണം കലി ചതിയിലുടെ നളനെ ബാധിക്കുന്നു. ഇതോടെ ഇവരുടെ ജീവിതം ദുരിത പൂർണമാവുകയും പിരിയേണ്ടതായി വരികയും ചെയ്യുന്നു. നളനിൽ നിന്ന് കലിയെ അകറ്റാൻ കാർക്കോടകൻ നളനെ ദംശിക്കുന്നു.

നള- ദമയന്തി പുനസമാഗമത്തിൽ മനം നിറഞ്ഞ് കഥകളിമേളയുടെ രണ്ടാം രാവ് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതോടെ നളൻ വികൃതരൂപിയായി തീരുന്നു. നളൻ്റ പ്രച്ഛന്ന വേഷമായ ബാഹുകൻ, തൻ്റെ ദുരിതത്തിന് അവസാനമില്ലേ എന്ന് ആശങ്കപ്പെടുന്നതും പ്രാണൻ്റെ പാതിയായ ദമയന്തി തിരിച്ചറിയാത്തതിൽ നിരാശപ്പെടുന്നതും നളൻ്റെ പരിഭവങ്ങളും പ്രാർത്ഥനകളുമെല്ലാം ഏറെ തൻമയത്വത്തോടെ കലാമണ്ഡലം ശ്രീകുമാർ വേദിയിൽ അവതരിപ്പിച്ചപ്പോൾ, ദമയന്തിയുടെ വിരഹ വേദനയും നളനെ ചിന്തിച്ചുള്ള ആകുലതകളുമെല്ലാം മാർഗി വിജയകുമാർ അവിസ്‌മരണീയമാക്കി.

കേശിനിയായെത്തിയ കലാമണ്ഡലം അനിൽകുമാറും മത്സരിച്ചഭിനയിക്കുകയും മേളക്കാരും കഥകളിപ്പാട്ടുകാരും അവസരത്തിനൊത്ത് ഉയരുകയും ചെയ്‌തതോടെ നളചരിതം നാലാം ദിവസം അവിസ്‌മരണീയമായി. കഥാവസാനം ബാഹുകൻ്റെ പാചകനിപുണതയും അദ്ദേഹത്തിൻ്റെ സാമീപ്യത്തിൽ വാടിയ പുഷ്‌പങ്ങൾ പോലും പൂജാ മലരുകളായി സുഗന്ധം പരത്തുന്നതുമെല്ലാം മനസിലാക്കിയ ദമയന്തി, വിരൂപനായ ബാഹുകൻ തന്നെയാണ് തൻ്റെ പ്രിയതമനെന്ന് തിരിച്ചറിയുന്നു.

Nalacharitham Attakadha Kathakali Performance (ETV Bharat)
Nalacharitham Attakadha Kathakali Performance (ETV Bharat)

ഇരുവരുടേയും പുനസമാഗമത്തോടെ കലി ദോഷവും തക്ഷകന്‍റെ വിഷവുമെല്ലാം അകന്ന് നളന് പഴയ രൂപം തിരികെ ലഭിക്കുകയും ചെയ്യുന്നതോടെ കഥ ശുഭപര്യവസായിയായി. നള-ദമയന്തിമാരുടെ പുനസമാഗത്തിൽ മനസു നിറഞ്ഞ് കാഴ്‌ചക്കാരും മടങ്ങി.

കഥകളിമേളയുടെ മൂന്നാം ദിവസമായ ഇന്ന് കരീന്ദ്രൻ തമ്പുരാൻ്റെ വിഖ്യാതമായ രാവണ വിജയത്തിലെ രംഭാപ്രവേശം അരങ്ങിലെത്തും. ആടാനും പാടാനും ഏറെ അനുയോജ്യമായ രംഭാപ്രവേശത്തിൽ ഉജ്വലമായ കത്തിവേഷങ്ങളിൽ മുമ്പനായ രാവണൻ ആദ്യവസാനം നിറഞ്ഞ് നിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Also Read:18ാമത് കഥകളി മേള; പമ്പാ മണല്‍പ്പുറത്തെ വേദിയില്‍ നിറഞ്ഞാടി ലവണാസുരവധം

ABOUT THE AUTHOR

...view details