കേരളം

kerala

പി വി അൻവർ എംഎൽഎയ്ക്ക് തിരിച്ചടി; ലഹരിപാർട്ടി നടത്തിയ കേസിൽ നിന്നും ഒഴിവാക്കിയതിൽ ഹൈക്കോടതി നടപടി - HC TAkes Action against P V Anvar

By ETV Bharat Kerala Team

Published : Apr 11, 2024, 12:43 PM IST

അനധികൃത റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ നിന്ന് പി വി അൻവർ എംഎൽഎയെ ഒഴിവാക്കിയതിൽ ഹൈക്കോടതി നടപടി.

HIGH COURT  P V ANVAR MLA  EXCLUSION OF DRUGS PARTY CASE  പി വി അൻവർ എംഎൽഎ
High Court's Action On The Exclusion Of P V Anvar MLA From The Case Of Drugs Party

എറണാകുളം : പി വി അൻവർ എംഎൽഎയ്ക്ക് തിരിച്ചടി. കൊച്ചിയിലെ അനധികൃത റിസോർട്ടിൽ ലഹരിപാർട്ടി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട കേസിൽ നിന്നും പി വി അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി നടപടി. അൻവറിനെതിരായ പരാതി പരിശോധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തര സെക്രട്ടറിയ്ക്ക് നിർദേശം.

ആലുവ എടത്തലയിൽ പി വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ ലഹരി പാർട്ടി നടക്കുന്നതിനിടെ അനധികൃതമായി സൂക്ഷിച്ച മദ്യം പിടികൂടിയ സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. 2018 ഡിസംബർ എട്ടിന് രാത്രി പതിനൊന്നരയ്ക്ക് എക്സൈസ് നടത്തിയ റെയ്‌ഡിലായിരുന്നു അൻവറിന്‍റെ റിസോർട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 19 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും, ആറര ലിറ്റർ ബിയറും പിടികൂടിയത്.

കേസിൽ നിന്നും കെട്ടിട ഉടമസ്ഥനായ പി വി അൻവറിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാതിയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാനാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നിർദേശം. മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ വി ഷാജി നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

അൻവറിനെ കേസിൽ നിന്നും ഒഴിവാക്കിയതിൽ അന്വേഷണമാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് നേരത്തെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഏതെങ്കിലും കെട്ടിടത്തില്‍ അനധികൃതമായി മദ്യം നിര്‍മിക്കുകയോ വില്‍പ്പന നടത്തുകയോ സൂക്ഷിക്കുകയോ ചെയ്‌താല്‍ അബ്ക്കാരി നിയമത്തിലെ 64 എ വകുപ്പ് പ്രകാരം കെട്ടിട ഉടമയ്‌ക്കെതിരെയും കേസെടുക്കേണ്ടതാണ്.

എന്നാല്‍ പി വി അന്‍വറിനെതിരെ കേസെടുക്കാതെ കെട്ടിടം സൂക്ഷിപ്പുകാരനായ അലി അക്ബറിനെ സാക്ഷിയാക്കി ആലുവ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2006 ലാണ് പി വി അൻവർ ഡയറക്‌ടറായ പീവീസ് റിയൽ എസ്‌റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 99 വർഷത്തെ പാട്ടത്തിന് ഹോട്ടലിലും റിസോർട്ടിനുമായി നിർമിച്ച കെട്ടിടം ഉൾപ്പെടുന്ന ആലുവയിലെ 11.46 ഏക്കർ ഭൂമി സ്വന്തമാക്കിയത്.

നമ്പറിടാത്ത അനധികൃത കെട്ടിടത്തില്‍ ബാര്‍ കൗണ്ടര്‍ ഒരുക്കിയാണ് അനധികൃത മദ്യവില്‍പ്പനയും ലഹരിപാര്‍ട്ടിയും നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയെങ്കിലും, അൻവറിന്‍റെ രാഷ്ട്രീയ സ്വാധീനത്താൽ കേസ് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം.

ALSO READ : മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിന്‌ ആശ്വാസം; സ്ഥാനാർഥിയെ ശല്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി

ABOUT THE AUTHOR

...view details