കണ്ണൂര്‍: 'മയ്യഴിപ്പുഴയുടെ തീരങ്ങള്‍' അമ്പത് വര്‍ഷം തികഞ്ഞതിന്‍റെ നിറവ് ആഘോഷമാക്കി മയ്യഴി ജനത. എം. മുകുന്ദന്‍റെ നോവലിന്‍റെ അമ്പതാം വാര്‍ഷികം കേരള സാഹിത്യ അക്കാദമിയാണ് മാഹിയില്‍ സംഘടിപ്പിച്ചത്. പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു.
ചടങ്ങില്‍ എം മുകുന്ദന്‍റെ 'കേശവന്‍റെ വിലാപങ്ങള്‍' എന്ന കൃതിയെക്കുറിച്ച് മുഖ്യമന്ത്രി എടുത്തു പറഞ്ഞു. ഇഎംഎസിനെ വിമര്‍ശിച്ചെന്ന പേരില്‍ അക്കാലത്ത് നോവലിനെതിരെ ഇടത് പക്ഷം രംഗത്ത് വന്നിരുന്നു. കേശവന്‍റെ വിലാപങ്ങള്‍ താനുള്‍പ്പെടുന്ന പ്രസ്ഥാനത്തെയാണ് പരാമര്‍ശിച്ചതെന്നും ഇഎംഎസ് എന്നത് ഒരു പ്രതീകം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാല്‍ അക്കാലത്ത് നോവല്‍ ഒരു കറുത്ത പരിഹാസമാണെന്ന് പലരും പറഞ്ഞിരുന്നു. നാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഗാഢമായി ആശ്ലേഷിക്കുന്നതിന്‍റെ അടയാളങ്ങള്‍ ആ നോവലിലുണ്ടായിരുന്നു. ഇഎംഎസിനെ ഒരു നേതാവിനെപ്പോലെ സ്‌നേഹിക്കുന്ന മലയാളിയുടെ അടയാളങ്ങള്‍ ആ കൃതിയില്‍ കാണാം.
കറുത്ത പരിഹാസങ്ങളായാലും ഇത്തരം രചനകള്‍ എഴുതാനുള്ള കഥാകാരന്‍റെ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ ഇടത് പക്ഷത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ രമേശ് പറമ്പത്ത് എംഎല്‍എ അധ്യക്ഷനായി. സിപി അബൂബക്കര്‍ ഡോ കെപി മോഹനന്‍, ഇപി രാജഗോപാലന്‍, എഎസ്. പ്രിയ, എം വി നികേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.