കോഴിക്കോട് : ഹവാല, ഹവാല എന്ന് പലപ്പോഴും കേൾക്കുന്നതാണ്. എന്താണ് യഥാർഥത്തിൽ ഹവാല പണം ?, കുഴൽപ്പണവും ഹവാല പണവും ഒന്നാണോ ?, ബ്ലാക്ക് മണിയും കള്ളപ്പണവും കുഴൽപ്പണവും ഒന്നാണോ ?. 1996ല്‍ പുറത്തിറങ്ങിയ ഭദ്രൻ ചിത്രം 'യുവതുർക്കി'യിൽ സവാള ഇടപാടിനെ കുറിച്ച് പല സ്ഥലത്തും ഡയലോഗുണ്ട്. യഥാർഥത്തിൽ ഇന്ത്യയിൽ നടന്ന വലിയ ഹവാല ഇടപാടിനെ ആക്ഷേപ ഹാസ്യമായി അവതരിപ്പിക്കുകയായിരുന്നു സിനിമയിൽ.
എന്നാൽ 2019ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് മോഹൻലാൽ സിനിമയായ 'ലൂസിഫറി'ൽ ഹവാല പണം കേരളത്തിലേക്ക് വരുന്നതിന്‍റെ പരസ്യമായ രീതി തന്നെ നമ്മൾ കണ്ടു. അന്ന് പച്ചയ്ക്ക് പറയാൻ മടിച്ചതും ഇന്ന് പരസ്യമായതും എന്നാൽ പൊതുജനത്തിൽ ബഹുഭൂരിപക്ഷവും നേരിൽ കാണാത്തതുമായ 'ഹവാല' എന്താണ്.
അറബി ഭാഷയിലെ വാക്കാണ് ഹവാല. കുഴൽപ്പണം എന്നത് ഹവാലയുടെ മലയാള പേരാണ്. നിയമാനുസൃതമല്ലാത്ത മാർഗങ്ങളിൽ കൂടി പണം അയയ്ക്കുന്നതിന് ഉപയോഗിക്കുന്ന വാക്കാണ് 'ഹവാല'. ബാങ്കോ, സർക്കാരോ അറിയാതെയാണ് ഇത്തരത്തിൽ പണം കൈമാറുക. അധികൃതരുടെ കണ്ണ് വെട്ടിക്കുന്നതിലൂടെ അധികച്ചിലവ് വരുന്നില്ല എന്ന് മാത്രമല്ല കണക്കിൽ പെടാത്ത എത്ര കോടികൾ വേണമെങ്കിലും കൈമാറാം.
കള്ളപ്പണം ഹവാല ഏജന്‍റിന് നൽകി അത് വൈറ്റ് മണിയാക്കുന്നതിനും ഹവാല വിനിമയങ്ങൾ ഉപയോഗിക്കുന്നു. ഹവാല പണമിടുപാടുകളിൽ കള്ളനോട്ടുകൾ കൈമാറി കബളിപ്പിക്കുന്നതും സാധാരണമാണ്. നിയമപരമല്ലാത്ത ഇടപാടുകൾ ആയതിനാൽ പരാതി നൽകാനും സാധിക്കുന്നില്ല. സാമ്പത്തിക വ്യവസ്ഥയെ തകർക്കുന്ന ഒന്നായി ഇക്കാലത്ത് കുഴൽപ്പണ ഇടപാടുകൾ മാറിയിട്ടുണ്ടെന്നതാണ് യാഥാർഥ്യം.
എന്നാൽ ബ്ലാക്ക് മണി അഥവാ കള്ളപ്പണവും, ഹവാലയും തമ്മിൽ വ്യത്യാസമുണ്ട്. നിയമാനുസൃതമല്ലാത്ത രീതിയിൽ സ്വരൂപിക്കുന്ന പണമാണ് കള്ളപ്പണം അഥവാ ബ്ലാക്ക് മണി. നികുതി, ജിഎസ്‌ടി വെട്ടിപ്പുകളിലൂടെ സ്വരൂപിക്കുന്ന പണമെല്ലാം ബ്ലാക്ക് മണിയുടെ പരിധിയിൽ വരും. ഈ പണം പക്ഷേ പല രീതിയിലും പിടിക്കപ്പെടുന്നുണ്ട്. എന്നാൽ ഹവാല പണത്തിന് പിന്നിൽ രാഷ്ട്രീയ പാർട്ടികളുടെ ഒത്താശ വന്നാൽ കേസുകളൊക്കെ ആവിയായി പോകാറാണ് പതിവ്.
Also Read :മുന്നണി മാറ്റത്തിന്‍റെ കണ്ണൂർ മുഖങ്ങള്‍: ഇടതിനൊപ്പം ഉറച്ച് കെ.പി. മോഹനൻ, അബ്‌ദുള്ളക്കുട്ടി ഇപ്പോൾ ബിജെപിയുടെ അത്‌ഭുതക്കുട്ടി
ഹവാല ഇടപാടിന് ഏജന്‍റുമാരും, പല സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സംഘങ്ങളെ വിദേശ കറൻസി ഏല്‍പ്പിക്കുകയാണ് ചെയ്യുക. പണം എത്തിച്ചുനൽകിയാൽ സംഘങ്ങൾ കമ്മിഷനും കൈപ്പറ്റും. ഹവാല വിനിമയം തടയാൻ ഇ.ഡി ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്നെങ്കിലും പ്രതിപക്ഷത്തിന്‍റെ ഭാഗത്താണ് അവർ പ്രധാനമായും ഗോളടിക്കാറുള്ളത്.