മലപ്പുറം: കൊണ്ടോട്ടിയിൽ ടൂറിസ്‌റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു. മൊറയൂർ അറഫാനഗർ സ്വദേശിനി ഫാത്തിമ ഹിബയാണ് (17) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികൾക്കും പരിക്കുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വെളിയങ്കോട് ഫ്‌ളൈ ഓവറിലാണ് അപകടമുണ്ടായത്. ഇന്ന് (ഡിസംബർ 30) പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം ഹയർസെക്കൻഡറി മദ്രസയിൽ നിന്നും വാഗമണ്ണിലേക്കും ആത്മീയ കേന്ദ്രങ്ങളിലേക്കും വിനോദയാത്ര പോയി മടങ്ങിവന്ന വിദ്യാർഥി സംഘത്തിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ച ബസ് വെളിയംങ്കോട് അങ്ങാടിക്ക് സമീപം പുതിയ NH 66 റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ റോഡ് സൈഡിലുള്ള സ്ട്രീറ്റ് ലൈറ്റ് പോസ്‌റ്റിൽ ഇടിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ഹിബ മരണത്തിനു കീഴടങ്ങിയിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ ഹിതൽ ഹന്നയെ (12) കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ സുരക്ഷിതരാണ്.
ഒഴുകൂർ ക്രസൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു സയൻസ് ബാച്ചിലെ വിദ്യാർഥിനിയാണ് ഹിബ. വിദ്യാർഥിനിയോടുള്ള ആദര സൂചകമായി ഇന്ന് ഒഴുകൂർ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.
Also Read: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം; മൂന്ന് പേര്‍ക്ക് പരിക്ക്