എറണാകുളം : കലൂര്‍ സ്‌റ്റേഡിയത്തിലെ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎ വെന്‍റിലേറ്ററിൽ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. അപകട നില തരണം ചെയ്‌തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതിൽ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കൽ സംഘം പറഞ്ഞു.
എംഎൽഎ ചികിത്സയിൽ തുടരുന്ന റിനൈ മെഡിസിറ്റിയിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യ സ്ഥിതി വിലയിരുത്തി. ഇന്ന് (ഡിസംബർ 30) രാവിലെ നടത്തിയ സിടി സ്‌കാൻ പരിശോധനയിൽ തലയുടെ പരിക്കിൻ്റെ അവസ്ഥ കൂടുതൽ ഗുരുതരമായിട്ടില്ലന്ന് മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ അൽപം കൂടിയിട്ടുണ്ട്. വയറിൻ്റെ സ്‌കാനിലും കൂടുതൽ പ്രശനങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. രോഗിയുടെ വൈറ്റൽസ് സ്‌റ്റേബിൾ ആണെങ്കിൽ കൂടി ശ്വാസകോശത്തിനേറ്റ സാരമായ ചതവ് കാരണം കുറച്ച് ദിവസംകൂടി വെൻ്റിലേറ്ററിൽ തുടരേണ്ട ആവശ്യകതയുണ്ട്.
ശ്വാസകോശത്തിലെ ചതവിന് ആന്‍റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ചികിത്സകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. വിശദമായി നടത്തിയ സ്‌കാനിൽ അണ്‍ഡിസ്പ്ലേസ്‌ഡ് സെര്‍വിക്കൽ സ്പൈൻ ഫ്രാക്‌ചര്‍ (Undisplaced Cervical Spine Fracture) ഉണ്ടെങ്കിൽകൂടി അടിയന്തരമായി ഇടപെടലുകൾ ആവശ്യമില്ലാത്തതും രോഗിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷം ആവശ്യമെങ്കിൽ ചികിത്സാ നടപടിക്രമങ്ങൾ കൈക്കൊള്ളാവുന്നതുമാണന്നും ഡോക്‌ടർമാർ അറിയിച്ചു.
അതേസമയം എംഎൽഎയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി മന്ത്രി പി രാജീവ് പറഞ്ഞു. നിലവിലുള്ള ചികിത്സ തുടരണമെന്നാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്നെത്തിയ ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘം നിർദേശിച്ചത്. ലഭ്യമാകുന്ന വിദഗ്‌ധ ഉപദേശങ്ങളെല്ലാം തേടിയാണ് ചികിത്സ തുടരുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഘാടകരുടെ വീഴ്‌ച സംബന്ധിച്ച് ഗൗരവകരമായ അന്വേഷണം നടക്കും. വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു. പരിപാടി സംബന്ധിച്ച് അതിൽ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് പരാതിയുണ്ടങ്കിൽ പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരിപാടികൾക്ക് മതിയായ സുരക്ഷയൊരുക്കുന്നതിനെ കുറിച്ച് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
അപകടം ഇങ്ങനെ : മൃദംഗ വിഷൻ കൂട്ടായ്‌മ ഞായറാഴ്‌ച (ഡിസംബർ 29) വൈകുന്നേരം ആറുമണിയോടെ നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അപകടം. മന്ത്രി സജി ചെറിയാൻ ഉൾപ്പടെ ഇരിക്കുകയായിരുന്ന വിഐപി വേദിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്.
വേദിയിലിരുന്ന എംഎൽഎ പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് നടക്കവെ വേദിയിലെ താത്‌കാലിക റെയിൽ റിബണിൽ പിടിച്ചതോടെയാണ് താഴേക്ക് വീണത്. 15 അടിയോളം ഉരത്തിൽ നിന്നും താഴേക്ക് വീണ എംഎൽഎയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടർന്ന് സിടി സ്‌കാൻ ഉൾപ്പടെയുള്ള പരിശോധനകൾ നടത്തിയതോടെയാണ് പരിക്ക് ഗുരുതരമാണന്ന് കണ്ടെത്തിയത്. തുടർന്ന് എംഎൽഎയെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എംഎൽഎയുടെ തലയ്ക്കും വാരിയെല്ലിനും ശ്വാസകോശത്തിനുമാണ് പ്രധാനമായി പരിക്കുള്ളതെന്ന് റിനൈയിലെ ഡോക്‌ടർമാർ അറിയിച്ചു. നിലവിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഡോക്‌ടർമാർ വ്യക്തമാക്കിയിരുന്നു.
Also Read: വേദിയിൽ നിന്ന് ഉമാ തോമസ് എംഎൽഎ വീണ സംഭവം; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ്