മുസ്‌ലീം ലീഗ് രാജ്യസഭ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാന്‍ (ETV Bharat) തിരുവനന്തപുരം: അഡ്വ. ഹാരിസ് ബീരാന്‍ മുസ്‌ലീം ലീഗിന്‍റെ രാജ്യസഭ സ്ഥാനാര്‍ഥി. തലസ്ഥാനത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. യോഗത്തിന് പിന്നാലെ ഹാരിസ് ബീരാനെ രാജ്യസഭ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തതായി മുസ്‌ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ന് (ജൂണ്‍ 10) വൈകിട്ട് തന്നെ ഹാരിസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലീഗ് മൂന്നാമതും ഒരു സീറ്റ് കൂടി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഒഴിവുവരുന്ന 3 രാജ്യസഭ സീറ്റുകളില്‍ യുഡിഎഫിന് വിജയ സാധ്യതയുള്ള സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞത്. ഇതില്‍ വിജയിച്ചാല്‍ പിവി അബ്‌ദുല്‍ വഹാബിന് പുറമെ ലീഗിന് ഒരു രാജ്യസഭാംഗം കൂടിയാകും. അതോടെ ലോക്‌സഭയിലെ മൂന്ന് പേരടക്കം ലീഗ് എംപിമാരുടെ എണ്ണം അഞ്ചാകും.
കാൽ നൂറ്റാണ്ടായി സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കേരള മുസ്‌ലീം കൾച്ചറൽ സെന്‍റർ പ്രസിഡന്‍റുമായി പ്രവർത്തിച്ച് വരുന്ന ഹാരിസ് ബീരാൻ എംഎസ്എഫിലൂടെയാണ് സംഘടന രംഗത്തെത്തുന്നത്. എറണാകുളം ആലുവ സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്‍റായിരുന്നു.
എറണാകുളം ലോ കോളജിലും സംഘടന രംഗത്ത് സജീവമായിരുന്നു. 1998 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2011 മുതലാണ് ഹാരിസ് ബീരാൻ ഡൽഹി കെഎംസിസി പ്രസിഡന്‍റായി ചുമതലയേൽക്കുന്നത്. കപിൽ സിബലിനെ പോലുള്ള മുതിർന്ന അഭിഭാഷകരോടൊപ്പം യുഎപിഎ ദുരുപയോഗത്തിനെതിരായുള്ള നിയമ പോരാട്ടങ്ങളിലും അദ്ദേഹം സജീവ പങ്കാളിയായിരുന്നു.
മുത്തലാഖ് ബിൽ, ഹിജാബ്, ലവ് ജിഹാദ് തുടങ്ങിയ വിഷയങ്ങളിലും നിയമപരമായ ഇടപെടലുകൾ നടത്തിയിരുന്നു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്ന അദ്ദേഹം സിദ്ദിഖ് കാപ്പൻ കേസിലും അബ്‌ദുൾ നാസർ മദനി ഉൾപ്പെട്ട കേസിലും ഇരുവർക്കും ശക്തമായ നിയമ പിന്തുണയായിരുന്നു നൽകി വന്നിരുന്നത്.
പിതാവ് അഡ്വ. വികെ ബീരാൻ ബാബരി മസ്‌ജിദ്, സംവരണം തുടങ്ങി നിരവധി കേസുകളിൽ ഇടപെട്ട നിയമ വിദഗ്‌ധനും മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറലുമായിരുന്നു. മാതാവ് സൈനബ കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചരിത്ര വിഭാഗം മേധാവിയായിരുന്നു. ഭാര്യ മജ്‌ദ ത്വഹാനി. മക്കൾ അൽ റയ്യാൻ, അർമ.
Also Read:കുഞ്ഞാലിക്കുട്ടിയ്ക്ക് വിയോജിപ്പ്, അമര്‍ഷവുമായി യൂത്ത് ലീഗും; മുസ്ലിം ലീഗിന്‍റെ രാജ്യസഭ സ്ഥാനാര്‍ഥിയായി ഹാരിസ് ബീരാൻ?