കാസര്‍ഗോഡ്:അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഒന്നാം പ്രതി സവാദിന്‍റെ വിവാഹം നടന്ന പള്ളിയുടെ ഭരണസമിതി മുൻ ഭാരവാഹികൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. മഞ്ചേശ്വരത്തെ അല്‍ ഫത്തര്‍ ജുമാ മസ്‌ജിദിന്‍റെ മുന്‍ പ്രസിഡന്‍റ് കുഞ്ഞിമോന്‍, മുന്‍ സെക്രട്ടറി ടി.എം.മുഹമ്മദ് എന്നിവര്‍ക്കാണു എൻഐഎ നോട്ടീസ് നൽകിയത്. നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം (Tj joseph's hand chopping case).
2016 ഫെബ്രുവരിയിലാണ് സവാദിന്‍റെ വിവാഹം നടന്നത്. സാധാരണയായി പള്ളികളില്‍ വിവാഹത്തിന് വധൂവരന്മാര്‍ അവരുടെ മഹല്ലുകളില്‍നിന്നുള്ള ക്‌ളിയറൻസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. എന്നാല്‍ സവാദ് അത്തരം രേഖകളൊന്നും ഹാജരാക്കിയിരുന്നില്ല. (NIA is ready to interrogate more people).
ഇതേത്തുടര്‍ന്നാണു വിവാഹം നടന്ന വേളയിൽ കമ്മിറ്റിയുടെ ഭാരവാഹിത്വം വഹിച്ചവരെ ചോദ്യംചെയ്യാന്‍ എൻഐഎ തീരുമാനിച്ചത്. സവാദിന്‍റെ ഭാര്യാപിതാവ് അബ്‌ദുള്‍ റഹ്‌മാനോട് ചോദ്യം ചെയ്യലിനു തിങ്കളാഴ്‌ച ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ വീണ്ടും നോട്ടീസ് നൽകി വിളിച്ച് വരുത്തി ചോദ്യം ചെയ്യും.
അതേ സമയം അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതിയെ ഏട്ടു ദിവസത്തേക്ക് കോടതി കസ്റ്റഡില്‍ വിട്ടിരുന്നു. ജനുവരി 27-ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. അധ്യാപകന്‍റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ച സവാദ് മട്ടന്നൂരില്‍ ബേരത്ത് ഷാജഹാൻ എന്ന പേരിൽ ആൾമാറാട്ടം നടത്തി മരപ്പണിക്കാരനായി കഴിയുകയായിരുന്നു.
ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന പ്രതിയെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പ്രതിയെ കണ്ടെത്താനായി അന്വേഷണ സംഘം ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും, പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.