തിരുവനന്തപുരം : വയനാട്ടിലെ വന്യജീവി ആക്രമണത്തിന് തടയിടാന്‍ സര്‍ക്കാര്‍. ആക്രമണങ്ങള്‍ തടയുന്നതിന് മേല്‍ നോട്ടം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസറെ നിയമിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫിസറാക്കാനാണ് നീക്കം. മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, ജില്ലയിലെ എംഎല്‍എമാര്‍, കലക്‌ടര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഏകോപന സമിതിയും വാര്‍ റൂമും സജ്ജീകരിക്കും. കൂടാതെ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ആര്‍ആര്‍ടികള്‍ സ്ഥിരമാക്കാനും റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്‌സ് ആപ് ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു. മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുകയാണെന്നും മനുഷ്യന് അപകടമില്ലാതെ എങ്ങനെ വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാമെന്നതാണ് നാം ചിന്തിക്കേണ്ടതെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഇതിനായി ജൈവ മേഖലയിലേക്ക് കടക്കുന്ന വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുന്നത് പരിശോധിക്കാനും രാത്രികളില്‍ വന മേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം വരുത്താനും തീരുമാനമായി. ഇനി മുതല്‍ ജനവാസ മേഖലകളില്‍ വന്യജീവികളെത്തിയാല്‍ അവയെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് അതത് ജില്ല കലക്‌ടര്‍മാര്‍ക്ക് തീരുമാനിക്കാമെന്നും നിലവിലുള്ള ട്രെഞ്ച്, ഫെന്‍സിങ് എന്നിവ പുനഃസ്ഥാപിക്കാനുണ്ടെങ്കില്‍ ഉടന്‍ ചെയ്യണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഫെന്‍സിങ് ഉള്ള മേഖലകളില്‍ അവ നിരീക്ഷിക്കാന്‍ വാര്‍ഡ് മെമ്പര്‍മാര്‍ ഉള്‍പ്പെടുന്ന പ്രാദേശിക സമിതികള്‍ രൂപീകരിക്കും.
അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പടെ രാത്രിയില്‍ പട്രോളിങ് ശക്തിപ്പെടുത്തും. ഇത്തരം മേഖലകളില്‍ സ്വാഭാവിക വനവത്‌കരണം നടത്തണം. തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വനവത്‌കരണം നടത്തണം. മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസമാകുന്ന രീതിയില്‍ വനമേഖലകളില്‍ റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും കലക്‌ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. രാത്രികളില്‍ വനമേഖലയിലെ റിസോര്‍ട്ടുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കണം.