തിരുവനന്തപുരം : ഗവർണർ - സർക്കാർ പോര് ഒരുവശത്ത് മുറുകുമ്പോഴും മറുവശത്ത് ഗവർണറുടെ വിവിധ ചെലവുകൾക്കായി കോടികൾ അനുവദിച്ച് സർക്കാർ. ജനുവരി മാസത്തിൽ മാത്രം മൂന്ന് ദിവസങ്ങളിലായി ആകെ 1.32 കോടി(1,32,22,000) രൂപയാണ് ഗവർണറുടെ അധിക ചെലവുകൾക്കായി ധനവകുപ്പ് അനുവദിച്ചത്(Govt allots crores of rupees to Governor).
ഇത് സംബന്ധിച്ച രേഖകൾ ഇടിവി ഭാരതിന് ലഭിച്ചു. ജനുവരി 20, 21, 23 തീയതികളിലായി 1,32,22,000 രൂപയാണ് സർക്കാർ അധിക ഫണ്ടായി ഗവർണർക്ക് അനുവദിച്ചത്. ജനുവരി 20ന് ഗവർണറുടെ യാത്രാചെലവുകൾക്കായി മാത്രം 69,24,000 ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണത്തിന് ഇളവ് വരുത്തി അനുവദിച്ചത്. ജനുവരി 21ന് റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാൻ 20 ലക്ഷം രൂപയും ജനുവരി 23ന് ജലം, വൈദ്യുതി, ടെലഫോൺ തുടങ്ങിയ ചെലവുകൾക്കായി ആകെ 42,98,000 രൂപയുമാണ് സർക്കാർ അനുവദിച്ചത്.
ബജറ്റ് വിഹിതമായി ഗവർണർക്ക് 12.52 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ ബജറ്റ് തുക തോന്നിയതുപോലെ ചെലവാക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിനിടെയാണ് ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ നിയമസഭ വിട്ടത്. നിയമസഭയിലെത്തിയ ഗവര്‍ണര്‍ സര്‍ക്കാരിനോട് പിണക്കം തുടരുന്ന കാഴ്‌ചയും ഉണ്ടായി.