കേരളം

kerala

ETV Bharat / state

എസ്എഫ്ഐ കരിങ്കൊടി: ഒന്നേമുക്കാല്‍ മണിക്കൂർ റോഡില്‍ കുത്തിയിരുന്ന് ഗവര്‍ണർ, മടക്കം എഫ്ഐആർ കണ്ട ശേഷം

ഗവർണർക്ക് കരിങ്കൊടിയുമായി എസ്എഫ്ഐ. ഒരു മണിക്കൂറിലേറെ പാതയോരത്ത് കുത്തിയിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ ദിവസവേതനക്കാരാണ് പ്രതിഷേധക്കാരെന്ന് വിമര്‍ശനം.

Governor protst on Road  SFI black flag  എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം  1മണിക്കൂറിലേറെ പാതയോരത്ത് ഗവര്‍ണര്‍
Black Flag Protest against Governor, Governor Protest on road

By ETV Bharat Kerala Team

Published : Jan 27, 2024, 1:37 PM IST

എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് ഗവർണർ

കൊല്ലം:അത്യന്തം നാടകീയ സംഭവങ്ങൾക്ക് വഴിയൊരുക്കി കൊല്ലം ജില്ലയിലെ നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ നടന്ന എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. സ്വാമി സദാനന്ദ ആശ്രമത്തില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ എംസി റോഡിലാണ് സംഭവം. രണ്ട് മണിക്കൂറിലേറെ നീണ്ട നാടകീയവും അനിശ്‌ചിതത്വവും നിറഞ്ഞ സംഭവങ്ങൾക്ക് ശേഷം പതിനേഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ എഫ്ഐആറിന്‍റെ പകര്‍പ്പ് കിട്ടാതെ താന്‍ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഒരു മണിക്കൂറിലധികം ഗവർണർ പാതയോരത്ത് തുടര്‍ന്നു. തുടര്‍ന്ന് ചടയമംഗലം പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് അടിയന്തരമായി എത്തിച്ചു. അതിനു ശേഷമാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.

സംഭവം ഇങ്ങനെ:എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയ ഉടൻ ഗവർണർ കാറില്‍ നിന്നിറങ്ങി. പ്രതിഷേധക്കാർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർ പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതരായി. തുടർന്ന് റോഡരികില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗവര്‍ണര്‍ പൊലീസിനെ ശകാരിക്കുകയും ചെയ്‌തു. പൊലീസ് തന്നെ നിയമം ലംഘിക്കുന്നുവെന്ന വിമര്‍ശനവും ഗവര്‍ണര്‍ ഉയര്‍ത്തി.

മുഖ്യമന്ത്രി പോകുമ്പോള്‍ ഇത്തരത്തിലാണോ നിങ്ങള്‍ സുരക്ഷ ഒരുക്കുന്നത് എന്ന ചോദ്യവും ഗവര്‍ണറില്‍ നിന്നുണ്ടായി. ഇതിനിടെ ഡിജിപിയുമായി ഗവര്‍ണര്‍ ഫോണില്‍ ചര്‍ച്ച നടത്തി. ഏറെ കുപിതനായാണ് ഡിജിപിയോട് സംസാരിച്ചത്. തിരികെ പോകണമെന്ന അദ്ദേഹത്തിന്‍റെ ആവശ്യവും ഗവര്‍ണര്‍ തള്ളി. അതിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും ഫോണില്‍ ബന്ധപ്പെട്ടു. പ്രധാനമന്ത്രിയെ ലൈനില്‍ കിട്ടണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ലഭ്യമായില്ല.

കേസെടുത്ത എഫ്ഐആർ കണ്ടശേഷം ഗവർണർ സ്വാമിസദാനന്ദ സ്വാമിയുടെ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്താനായി പോയി. പരിപാടി കഴിഞ്ഞിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ പ്രത്യാരോപണങ്ങൾ: ഉന്നതരില്‍ നിന്നുള്ള ഉത്തരവുകളാണ് പൊലീസ് നടപ്പാക്കുന്നതെന്നും അവരെ താന്‍ കുറ്റം പറയുന്നില്ലെന്നും സമരം അവസാനിപ്പിച്ച ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയാണ് സംസ്ഥാനത്ത് അരാജകത്വം പ്രോത്സാഹിപ്പിക്കുന്നതെന്നും ഇത്തരം നിയമലംഘകര്‍ മുഖ്യമന്ത്രിയുടെ ദിവസവേതനക്കാരാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. സമരക്കാര്‍ തന്‍റെ കാറിനെ ആക്രമിച്ചെന്നും അപ്പോഴാണ് താന്‍ കാറിന് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തും അത് സംഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഗവര്‍ണറുടെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ഗവര്‍ണറുടെ ഷോയാണെന്നായിരുന്നു മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. വല്ലാത്ത മാനസികാവസ്ഥയിലാണ് ഗവര്‍ണറെന്നും അദ്ദേഹം പറഞ്ഞു. പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷ ഗവര്‍ണര്‍ക്ക് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗവര്‍ണറെ അപായപ്പെടുത്താനുള്ള ശ്രമമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു.

ABOUT THE AUTHOR

...view details