തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രിമിനലുകളോട് മറുപടി പറയാന്‍ താന്‍ തയ്യാറല്ലെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ മന്ത്രിക്ക് പങ്കെടുക്കാന്‍ അധികാരമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ആര്‍ ബിന്ദു ക്രിമിനലെന്ന് ഗവര്‍ണര്‍ ; സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും ഗവര്‍ണര്‍ - ആര്‍ ബിന്ദു ക്രിമിനലെന്ന് ഗവര്‍ണര്‍
പരാമര്‍ശം സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞതിന് മറുപടിയായി
Published : Feb 18, 2024, 3:29 PM IST
ചട്ട ലംഘനം നടന്നുവെന്നും ഇത് നിയമപരമായി നേരിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയമാവകാശമുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഗവര്‍ണറുടെ പരാമര്‍ശം. കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകരെയും ക്രിമിനലുകളെന്ന് ഗവര്‍ണര്‍ അധിക്ഷേപിച്ചിരുന്നു. വി സി നിയമന നടപടികളില്‍ സുപ്രീംകോടതി വിധിയും യുജിസി റെഗുലേഷനും അംഗീകരിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ തയ്യാറാവണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.
ചാന്‍സലറും പ്രോ ചാന്‍സലറും സെനറ്റ് അംഗങ്ങളാണ്. ചാന്‍സലര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹമാണ് അദ്ധ്യക്ഷത വഹിക്കേണ്ടതെന്ന് സര്‍വകലാശാല ആക്‌ട് വ്യക്തമാക്കുന്നു. കേരള സര്‍വകലാശാല ആക്‌ടിലെ ചാപ്റ്റര്‍ മൂന്നില്‍ 8(3) പ്രകാരം ചാന്‍സലറുടെ അഭാവത്തില്‍ പ്രോ ചാന്‍സലര്‍ക്ക് ആ ഉത്തരവാദിത്തം നടപ്പിലാക്കാമെന്നും ഇടത് അംഗങ്ങള്‍ അവകാശപ്പെടുന്നു.