തിരുവനന്തപുരം: വിസി നിര്‍ണ്ണയ സമിതിയിലേക്ക് നോമിനിയെ നല്‍കേണ്ടെന്ന കേരള സര്‍വ്വകലാശാല സെനറ്റ് തീരുമാനം റദ്ദാക്കുന്നതിനായി വിസിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമോപദേശവും ലഭിച്ച ശേഷമായിരിക്കും അന്തിമതീരുമാനം.
യുജിസി യുടെ 2018 ലെ റെഗുലേഷന്‍ പ്രകാരം വിസി നിയമന നടപടികള്‍ക്ക് സര്‍വകലാശാല പ്രതിനിധി ആവശ്യമില്ലെന്നും ഇതിനാല്‍ സെനറ്റ് യോഗം തന്നെ നിയമവിരുദ്ധമാണെന്നുമാണ് മന്ത്രി ആര്‍ ബിന്ദു പ്രൊചാന്‍സിലറായ കേരള സര്‍വകലാശാല പാസ്സാക്കിയ പ്രമേയം. എന്നാല്‍ പിറ്റേ ദിവസം തന്നെ മന്ത്രി പ്രൊചാന്‍സിലറായ കുസാറ്റ് സര്‍വകലാശാല പ്രതിനിധിയെ നല്‍കി.
കേരള സര്‍വ്വകലാശാല സെനറ്റ് തീരുമാനം ഗവര്‍ണര്‍ റദ്ദാക്കുകയാണെങ്കില്‍ സംഘര്‍ഷത്തിനിടെ സെനറ്റില്‍ ഗവര്‍ണറുടെ നോമിനികളും യുഡിഎഫും മുന്നോട്ട് വെച്ച പേരുകളില്‍ ഏതെങ്കിലും ഒന്ന് അംഗീകരിച്ച് സെര്‍ച്ച് കമ്മിറ്റിയുമായി ചാന്‍സലര്‍ മുന്നോട്ട് പോയേക്കും.
ഗവര്‍ണ്ണറുടെ 11 നോമിനികളും ഇന്ന് ഗവര്‍ണറെ നേരില്‍ കണ്ട് സെനറ്റില്‍ നടന്ന കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. യോഗത്തിന്‍റെ മിനുട്‌സ് രേഖകള്‍ രജിസ്ട്രാര്‍ ഇന്നലെ രാജ്ഭവന് കൈമാറിയിരുന്നു. സെനറ്റ് യോഗത്തില്‍ മന്ത്രി അധ്യക്ഷയായത് ചട്ടവിരുദ്ധമാണെന്ന് രണ്ടാം ദിവസവും ആവര്‍ത്തിച്ച ഗവര്‍ണര്‍ മന്ത്രി ആര്‍ ബിന്ദുവിനെ ക്രിമിനലെന്നും വിശേഷിപ്പിച്ചു. അതേ സമയം ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവര്‍ക്ക് മറുപടി നല്‍കാനില്ലെന്നും ഗവര്‍ണര്‍ക്ക് പരാതി ഉണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നുമാണ് ആര്‍ ബിന്ദു തിരിച്ചടിച്ചത്.
ചാന്‍സലറും പ്രോ ചാന്‍സലറും സെനറ്റ് അംഗങ്ങളാണ്. ചാന്‍സലര്‍ സെനറ്റ് യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹമാണ് സെനറ്റ് യോഗത്തിന്‍റെ അദ്ധ്യക്ഷത വഹിക്കേണ്ടതെന്ന് സര്‍വകലാശാല ആക്ട് വ്യക്തമാക്കുന്നു. കേരള സര്‍വകലാശാല ആക്ടിലെ ചാപ്റ്റര്‍ മൂന്നില്‍ 8(3) പ്രകാരം ചാന്‍സലറുടെ അഭാവത്തില്‍ പ്രോ ചാന്‍സലര്‍ക്ക് ആ ഉത്തരവാദിത്വം നടപ്പിലാക്കാമെന്നും ഇടത് അംഗങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.