എറണാകുളം: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റിയുമായി ജർമൻ കലാകാരൻ പീറ്റർ ക്ലാർ (German artist Peter made Graffiti at Kochi Metro). കൊച്ചി മെട്രോയുമായി (Kochi metro) ചേർന്ന് ജോസ് ജംഗ്ഷനിലെ ഓപ്പൺ എയർ തിയേറ്ററിലാണ് ഗ്രാഫിറ്റി ഒരുക്കിയത്. അന്തർ ദേശീയ തലത്തിൽ സഞ്ചരിച്ച് ഗ്രാഫിറ്റി ഒരുക്കുന്ന ജർമൻ സ്വദേശിയായ പീറ്റർ ക്ലാർ തന്‍റെ സഞ്ചാരത്തിന്‍റെ ഭാഗമായാണ് കൊച്ചിയിൽ എത്തിയത്.
പൊതുസ്ഥലത്ത് വരക്കുന്ന ചുവർചിത്രങ്ങളെയോ, എഴുത്തുകളെയോ ആണ് ഗ്രാഫിറ്റി എന്ന് പറയുന്നത്. ആറ് ദിവസം കൊണ്ടാണ് പീറ്റർ ഗ്രാഫിറ്റി ഒരുക്കിയത്. ജോസ് ജംഗ്ഷനിലെ ഭിത്തിയിൽ കൊച്ചി മെട്രോയുടെ നിറങ്ങളിലാണ്, ആറ് ദിവസം കൊണ്ട് പീറ്റർ ഗ്രാഫിറ്റി വരച്ചത്. കൊച്ചി മെട്രോയും കൊച്ചി കോർപറേഷനും ചേർന്ന് കലാകാരനെ അഭിനന്ദിച്ചു.
ജർമനിയിൽ നിന്നും മുംബൈയിൽ നിന്നും കൊണ്ടുവന്ന ചായങ്ങൾ ഉപയോഗിച്ചാണ് ഗ്രാഫിറ്റി തയ്യാറാക്കിയത്. കൊച്ചി മെട്രോയുടെ ട്രെയിനും, അതിനൊപ്പം പീറ്റർ അംഗമായ ഡിസൈൻ കളക്‌ടീവിന്‍റെ ചിഹ്നവുമാണ് പീറ്റർ വരച്ചത്. കൊച്ചി മെട്രോ ഇഷ്‌ടപ്പെട്ടുവെന്നും തിരികെ പോകുന്നതിന് മുൻപായി വാട്ടർ മെട്രോ ടെർമിനലിലും ഗ്രാഫിറ്റി ഒരുക്കാൻ ശ്രമിക്കുമെന്നും പീറ്റർ പറഞ്ഞു.