പത്തനംതിട്ട: പമ്പയിൽ നിന്നും നിലക്കലിലേക്ക് പോയ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ അട്ടത്തോടിന് സമീപത്ത് വച്ചാണ് അപകടം. സംഭവസമയത്ത് ബസില്‍ തീര്‍ഥാടകരുണ്ടായിരുന്നില്ല.
തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോവുകയായിരുന്നു ബസ്. ബസില്‍ ഡ്രൈവറും കണ്ടക്‌ടറും മാത്രമാണ് ഉണ്ടായിരുന്നത്. അട്ടത്തോട് എത്തിയപ്പോള്‍ ബസിന്‍റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു.
പുക ഉയരുന്നത് കണ്ട് ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നും പുക ഉയരുകയും പിന്നാലെ തീ ആളിപ്പടരുകയുമായിരുന്നു. ഫയര്‍ എസ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണയ്‌ക്കാൻ ഡ്രൈവറും കണ്ടക്‌ടറും ശ്രമിച്ചിരുന്നു. എന്നാല്‍, തീ അനിയന്ത്രിതമായി കത്തിപ്പടരുകയാണുണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ക്ക് നെറ്റ്‌വര്‍ക്ക് ലഭിക്കാത്ത പ്രദേശത്തായിരുന്നു അപകടം. മറ്റ് വാഹനങ്ങളില്‍ വന്നവരാണ് പൊലീസിനെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചത്. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. പമ്പ നിലക്കൽ സർവീസിനായി പെരുമ്പാവൂർ ഡിപ്പോയിൽ നിന്നെത്തിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ തീര്‍ഥാടന കാലത്ത് ഇത്തരത്തില്‍ മൂന്നു ബസുകളാണ് കത്തി നശിച്ചത്. ബസിനുള്ളില്‍ തീര്‍ഥാടകര്‍ ഉണ്ടായിരുന്നുവെങ്കില്‍ വന്‍ ദുരന്തംസംഭവിക്കുമായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്നാണ് കരുതുന്നത്.
Also Read : ശബരിമല തീര്‍ത്ഥാടനം; പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ; സമയക്രമം ഇങ്ങനെ