പാചകവാതക ടാങ്കറിൽ ചോർച്ച (Source : ETV BHARAT) കാസർകോട് :കാഞ്ഞങ്ങാട് ചിത്താരിയില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ പാചക വാതക ടാങ്കറിലുണ്ടായ ചോര്‍ച്ച താത്‌കാലികമായി അടച്ചു. എന്നാൽ പാചക വാതകം പൂര്‍ണ്ണമായും മറ്റൊരു ടാങ്കറിലേക്ക് മാറ്റിയ ശേഷമേ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുവെന്ന് അധികൃതർ അറിയിച്ചു. പാചക വാതകം ചോര്‍ന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ചോർച്ച താത്‌കാലികമായി അടച്ചത്.
മൂന്നു ടാങ്കറുകളിലായാണ് പാചക വാതകം മാറ്റുക. ഏഴുമണിക്കൂർ ഇതിനായി വേണ്ടി വരും. 500 മീറ്റർ ചുറ്റളവിൽ നിന്നും ആളുകളെ മാറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുമ്പളയിൽ നിന്നും വലിയ കുഴിയിലേക്ക് വീണപ്പോഴാണ് ലീക്ക് ഉണ്ടായതെന്നാണ് സംശയിക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞു.
മംഗളൂരുവിൽ നിന്നും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ലീക്ക് അടയ്‌ക്കുന്ന അതേ റിസ്‌ക് ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുമ്പോഴും ഉണ്ടെന്നു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ പറയുന്നു. കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് ചോര്‍ച്ചയടച്ചത്.
ഇന്ന് രാവിലെ രാവിലെ ഏഴരയോടെയാണ് ചിത്താരിയില്‍ പാചക വാതക ടാങ്കറില്‍ ചോര്‍ച്ച ഉണ്ടായത്. ടാങ്കര്‍ ഡ്രൈവര്‍ കൃത്യസമയത്ത് ചോര്‍ച്ച കണ്ട് റോഡരികിലേക്ക് മാറ്റി നിര്‍ത്തിയതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. റോട്ടര്‍ ഗേജിലാണ് ചോര്‍ച്ച ഉണ്ടായത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ടാങ്കര്‍. പാചക വാതക ചോർച്ചയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.
ALSO READ : നാലംഗ കുടുംബം വീടിനുള്ളിൽ മരിച്ച നിലയിൽ; വില്ലനായത് ഗ്യാസ് സിലിണ്ടറെന്ന് സംശയം