ഗഗൻയാൻ ദൗത്യം : സംഘത്തലവനായി മലയാളി, യാത്രികരെ പ്രഖ്യാപിച്ചു
Published : Feb 27, 2024, 12:51 PM IST
|Updated : Feb 27, 2024, 1:07 PM IST
12:44 February 27
വ്യോമസേന ടെസ്റ്റ് പൈലറ്റുമാരാണ് ദൗത്യ സംഘത്തിലെ നാലുപേരും
തിരുവനന്തപുരം : ഗഗൻയാൻ ദൗത്യ സംഘത്തലവനായി മലയാളിയായ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ. അജിത് കൃഷ്‌ണൻ, അംഗദ് പ്രതാപ്, ശുഭാൻശു ശുക്ല എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. നാല് പേരും വ്യോമസേന ടെസ്റ്റ് പൈലറ്റുമാരാണ്.
വിഎസ്എസ്‌സി വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദൗത്യത്തിലെ അംഗങ്ങളെ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ യുവജനങ്ങൾക്കും പ്രചോദനമാണ് ഈ നാല് വ്യക്തികളെന്ന് ദൗത്യ സംഘത്തിലെ യാത്രികരെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ എന്നിവർ സന്നിഹിതരായിരുന്നു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ആണ് പദ്ധതി വിശദീകരിച്ചത്.
വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്‌ണൻ നായര്‍ പാലക്കാട് നെന്മാറ സ്വദേശിയാണ്. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പഠനത്തിന് ശേഷം 1999-ൽ കമ്മിഷൻഡ് ഓഫിസറായി വ്യോമസേനയുടെ ഭാഗമാവുകയായിരുന്നു.