പത്തനംതിട്ട: ബസ് സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത, സ്ഥലം എസ്ഐയെ പ്ലസ്ടു വിദ്യാർഥി കഴുത്തിനു പിടിച്ച് നിലത്തടിച്ചു. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ജിനുവിനാണ് മർദനമേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ബസ് സ്റ്റാൻഡില്‍ കറങ്ങി നടക്കുന്നത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് വിദ്യാർഥി എസ്ഐയെ ആക്രമിച്ചത്. ഈ ബസ് സ്റ്റാൻഡിൽ വിദ്യാർഥികളുടെ സംഘർഷവും കയ്യാങ്കളിയും പതിവാണ്.
സ്കൂള്‍ വിദ്യാർഥിനികള്‍ നിരന്തരം ശല്യം നേരിടുന്നു എന്ന വിവരത്തെ തുടർന്നാണ് എസ്ഐയും പൊലീസുകാരനും ബസ് സ്റ്റാൻഡിലെത്തിയത്. ഈ സമയത്താണ് കറങ്ങി നടക്കുന്ന പ്ലസ്ടു വിദ്യാർഥിയെ കണ്ടത്. ഇവരോട് വീട്ടില്‍ പോകാൻ ആവശ്യപ്പെട്ട പൊലീസുകാരനോട് വിദ്യാര്‍ഥികള്‍ തട്ടിക്കയറുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അത് പറയാൻ താൻ ആരാണെന്ന് ചോദിച്ച വിദ്യാര്‍ഥികളോട് സ്റ്റേഷനിലേക്ക് പോകാമെന്ന് പറഞ്ഞ് എസ്ഐ കുട്ടിയുടെ കൈയില്‍ പിടിച്ചു. പൊലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വിദ്യാര്‍ഥി പിന്നില്‍ നിന്ന് ആക്രമിച്ചത്. താഴെ വീണ എസ്ഐയുടെ തലയില്‍ കമ്പ് കൊണ്ട് അടിക്കുകയും ചെയ്തു.
കൂടെയുണ്ടായിരുന്ന പൊലീസുകാരനും സമീപത്തുണ്ടായിരുന്നവരും ചേർന്നാണ് വിദ്യാർഥിയെ കീഴടക്കി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. വിദ്യാർഥി ലോക്കപ്പില്‍ കിടന്നും പൊലീസിന് നേരെ ബഹളം വച്ചു. വിദ്യാർഥിക്ക് മാനസിക വെല്ലുവിളിയുണ്ടോയെന്ന് സംശയിക്കുന്നതായും പരിശോധനകള്‍ നടത്തുമെന്നും പൊലീസ് പറഞ്ഞു.