മൂന്നാർ മേഖലയിലെ വന്യജീവി ആക്രമണം തടയാൻ അടിയന്തര നടപടിയുമായി വനം വകുപ്പ് ഇടുക്കി: മൂന്നാർ മേഖലയിലെ വന്യജീവി ആക്രമണം തടയാൻ അടിയന്തര നടപടിയുമായി വനം വകുപ്പ്. മൂന്നാറിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇതുസംബന്ധിച്ച രൂപരേഖ തയ്യാറാക്കി. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. വനം വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ മൂന്നാറിൽ യോഗം ചേർന്നത്.
ആദ്യഘട്ടത്തിൽ മൂന്നാർ മേഖലയിലെ ആർ ആർ ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്താനും കൂടുതൽ ജീവനക്കാരെ ഉപയോഗിച്ച് ആർ ആർ ടി സംഘങ്ങൾ വിപുലീകരിക്കാനും തീരുമാനമായി. സംഘത്തിന് നിരീക്ഷണം നടത്താൻ ഡ്രോണുകൾ ലഭ്യമാക്കും. കൂടാതെ ജനവാസമേഖല ഉൾപ്പെടുന്ന പ്രദേശങ്ങളെ ബ്ലോക്കുകളായി തിരിച്ച് നിരീക്ഷണം നടത്തും.
ഓരോ ബ്ലോക്കിന്‍റെയും ചുമതല ഓരോ ഉദ്യോഗസ്ഥരെ ഏൽപ്പിക്കും. രാവിലെ 5.30 മുതൽ വനപാലകരുടെ നിരീക്ഷണം ഉണ്ടാകും.
വന്യജീവികളുടെ സാന്നിധ്യം സംബന്ധിച്ച വിവരം പ്രദേശവാസികൾക്ക് ഉടൻ കൈമാറും. ആവശ്യമുള്ള വാഹനങ്ങൾ ലഭ്യമാകുന്നതുവരെ വാഹനങ്ങൾ വാടകക്ക് എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
എ ഐ ക്യാമറകൾ സ്ഥാപിക്കുക, സംരക്ഷണവേലി നിർമിക്കുക എന്നിവയാണ് രണ്ടാംഘട്ടം. മൂന്നാംഘട്ടത്തിൽ വന്യജീവികൾക്ക് ഭക്ഷണം ലഭ്യമാകാൻ പുൽമേടുകൾ സൃഷ്‌ടിക്കും. ഈ പദ്ധതികൾ നടപ്പാക്കിയതിനു ശേഷവും കാട്ടാനശല്യം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ ആനകളെ പിടികൂടുന്ന അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയുള്ളു എന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അരുൺ ആർ എസ് പറഞ്ഞു.