ഇടുക്കി: ഹൈറേഞ്ച് മേഖലയിലെ പൊടിമില്ലുകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍. ദൂര പരിധിയില്ലാതെ പുതിയ മില്ലുകള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചതും, പായ്ക്കറ്റ് പൊടികളുടെ ഉപയോഗം വര്‍ധിച്ചതും ഈ മേഖലയെ പിന്നോട്ടടിക്കുന്ന കാരണങ്ങളാണ്. കൂടാതെ റേഷന്‍ കടകള്‍ വഴി നല്‍കി വന്നിരുന്ന ഗോതമ്പിന്‍റെ വിതരണം നിര്‍ത്തി പകരം ആട്ടയുടെ വിതരണം ആരംഭിച്ചതും പ്രതിസന്ധിക്ക് കാരണമായതായി മില്ല് നടത്തിപ്പുകാര്‍ പറയുന്നു.
സ്പെയര്‍ പാര്‍ട്‌സുകളുടെ വില വര്‍ധനവും വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവും അടക്കം പ്രതിസന്ധിക്ക് കാരണമാവുന്നുണ്ട്. ആട്ടിയ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതും ഈ മേഖലയിലെ വരുമാന ഇടിവിന് ഇടവരുത്തിയിട്ടുണ്ട്. ഇതോടെ പൊടിമില്ലുകളുമായി ഉപജീവനം നടത്തിയവർ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.