എറണാകുളം:കനത്ത മഴയിൽമലയാളത്തിൻ്റെ പ്രിയ സാഹിത്യകാരി ഡോ. എം ലീലാവതി ടീച്ചറുടെ വീട്ടിൽ വെള്ളം കയറി. നിരവധി പുസ്‌തകങ്ങൾ നശിച്ചത് മഴക്കെടുതിയിലെ സങ്കട കാഴ്‌ചയായി. ടീച്ചർ പ്രഭാത ഭക്ഷണം കഴിച്ച് പതിവുപോലെ എഴുതാനിരുന്നതായിരുന്നു. മഴ ശക്തമായതോടെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിൻ്റെ മുറ്റത്തേക്ക് വെള്ളമിരച്ചെത്തി.
സംഗതി പന്തിയല്ലെന്ന് മനസിലായതോടെ സഹായി ബിന്ദു ലീലാവതി ടീച്ചറെ കൈ പിടിച്ച് ഒന്നാം നിലയിലേക്ക് കയറ്റി. ഇതിനിടയിൽ വെള്ളം വീടിൻ്റെ പൂമുഖം വരെയെത്തിയിരുന്നു. സുരക്ഷിതസ്ഥാനത്ത് എത്തിയെങ്കിലും തൻ്റെ പ്രിയപ്പെട്ട പുസ്‌തകങ്ങളെ വെള്ളമെടുക്കുമെന്ന ആധിയായിരുന്നു ടീച്ചർക്ക്.
സഹായി ബിന്ദു താഴെ വെള്ളമുയർന്നാൽ മുങ്ങാൻ ഇടയുള്ള പുസ്‌തകങ്ങളെല്ലാം പരമാവധി മുകളിലേക്ക് കയറ്റി വെച്ചിരുന്നു. വെള്ളമുയരുന്നത് മനസിലാക്കിയ മകൻ വിനയൻ വീട്ടിലേക്ക് ഓടിയെത്തി ടീച്ചറെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. മഴ തിമർത്ത് പെയ്‌തതോടെ പ്രതീക്ഷിച്ചത് പോലെ വീട്ടിനകത്തും വെള്ളമുയർന്നു. ഇതോടെയാണ് ടീച്ചറുടെ നിരവധി പുസ്‌തകങ്ങൾ വെള്ളത്തിലലിഞ്ഞത്.
ഇതോടൊപ്പം വീട്ടുസാമഗ്രികളും കിടക്കയും കസേരകളും ഉൾപ്പടെ ഉയരത്തിൽ ഇടം പിടിക്കാത്തതെല്ലാം നശിച്ചു. കനത്ത മഴയിൽ മുമ്പും പല തവണ ലീലാവതി ടീച്ചറുടെ വീടിനകത്തേക്ക് വെള്ളം കയറിയിട്ടുണ്ട്. എന്നാൽ അന്ന് പുസ്‌തകങ്ങൾ നശിച്ചിരുന്നില്ല.
ചില പുരസ്‌കാരങ്ങളും ടീച്ചർ ദിനേന എഴുതി വെച്ച പുസ്‌തകവും വെള്ളത്തിൽ നശിച്ചു.