കോഴിക്കോട് : കാറിൽ വിൽപനയ്‌ക്കായി കൊണ്ടുവന്ന 94. 31 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേർ പിടിയിൽ. കോഴിക്കോട് പുതിയ സ്റ്റാൻഡ് പരിസരത്ത് വച്ചാണ് കാറിൽ വിൽപനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാക്കളെ പിടി കൂടിയത്.
കണ്ണൂർ സ്വദേശികളായ ചക്കരക്കല്ല് അയിഷ മൻസിൽ പിഎസ് മുഹമ്മദ് ആദിൽ (19), ചക്കരക്കല്ല് ബിസ്‌മില്ല മൻസിൽ സിഎം മുഫീദ്ദീൻ ഷിബിലി (20), മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസിൽ കെ സൽമാൻ ഫാരിസ് (26), മഞ്ചേരി തലാപ്പിൽ ഹൗസിൽ അലി റഷിൻ ടി (19), മഞ്ചേരി പാറക്കൽ ഹൗസിൽ പി ഫിറോസ് ഖാൻ (23) എന്നിവരെയാണ് കസബ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് നഗരത്തിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും വ്യാപകമായ പരിശോധനയും നിരീക്ഷണവും നടത്തുന്നതിനിടെയാണ് നഗര മധ്യത്തിൽ നിന്നും കാറിൽ വിൽപനക്കായി കൊണ്ട് വന്ന എംഡിഎംഎ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് കൊണ്ടുവന്നത്.
പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷം രൂപ വില വരും. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരായ പ്രതികൾ ബീച്ചിലും മാളിലും കറങ്ങി നടക്കാനും ആർഭാട ജീവിതം നയിക്കാനുമാണ് ലഹരി വിൽപന തുടങ്ങിയത്.
Also Read:കോഴിക്കോട് 200 ഗ്രാം എംഡിഎംഎ പിടികൂടി; ലഹരിക്കേസില്‍ ജാമ്യത്തിലുള്ള ആള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍