രാമള്ള: ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ടെലിവിഷന്‍റെ പലസ്‌തീനിയന്‍ മേഖലയിലെ സംപ്രേഷണത്തിന് നിരോധനവുമായി അധികൃതര്‍. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ എരിതീയില്‍ എണ്ണ പകരുന്ന പ്രവൃത്തിയാണ് ചാനൽ ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പലസ്‌തീന്‍ അധികൃതരുടെ നടപടിയെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
നാല്‍പ്പത്തിയഞ്ച് ദിവസത്തെ അടച്ച് പൂട്ടല്‍ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. പലസ്‌തീന്‍ വിദേശകാര്യമന്ത്രാലയം നടപടിയെ അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണ് ഇതെന്ന് മന്ത്രാലയം ആരോപിച്ചു. ഇസ്രയേലില്‍ നേരത്തെ തന്നെ അല്‍ജസീറയുടെ സംപ്രേഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനെതിരെയുള്ള അഭിപ്രായ ഭിന്നതകളാണ് നിരോധനത്തിലേക്ക് വഴി തുറന്നത്.
അധിനിവേശ വെസ്റ്റ്ബാങ്കിലെ രാമള്ള നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ജസീറയുടെ ഓഫിസില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിന് മുഖാവരണം ധരിച്ച ഇസ്രയേല്‍ സൈന്യം ഇരച്ചുകയറി തെരച്ചില്‍ നടത്തിയിരുന്നു. ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം.
തെറ്റായ വിവരങ്ങളും ഭീകരതയെ പ്രോത്സാഹിപ്പിക്കലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും പലസ്‌തീനിന്‍റെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകളുമാണ് അല്‍ ജസീറയുടെ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കമെന്ന ആരോപണം കഴിഞ്ഞ ബുധനാഴ്‌ച പലസ്‌തീന്‍റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ദിവസം തങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ചതായി അല്‍ ജസീറ അധികൃതർ എഎഫ്‌പിയോട് സ്ഥിരീകരിച്ചു. സാംസ്‌കാരിക, ആഭ്യന്തര, ആശയവിനിമയ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട പ്രത്യേക മന്ത്രാലയ സമിതിയാണ് അല്‍ജസീറയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മരവിപ്പിച്ചതെന്ന് വഫ റിപ്പോര്‍ട്ട് ചെയ്‌തു.
എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും തൊഴിലും താത്ക്കാലികമായി മരവിപ്പിച്ചു. അല്‍ജസീറ പലസ്‌തീനില്‍ നടത്തിയ നിയമലംഘനങ്ങളിലെ നിയമ നടപടികള്‍ പൂര്‍ത്തിയാകും വരെ ഇത് തുടരും. നടപടിയെ അല്‍ജസീറ അപലപിച്ചു. അധികൃതര്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈമാറുന്നതിന്‍റെ ദൃശ്യങ്ങളും അല്‍ജസീറ സംപ്രേഷണം ചെയ്‌തിരുന്നു.
പലസ്‌തീന്‍ അധികൃതര്‍ക്ക് വെസ്റ്റ്ബാങ്കിൽ ഭാഗിക നിയന്ത്രണം മാത്രമാണ് ഉള്ളത്. പലസ്‌തീന്‍ മേഖലയില്‍ നടക്കുന്ന അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അല്‍ജസീറ ആരോപിച്ചു. നടപടിയെ ഹമാസും അലപിച്ചിട്ടുണ്ട്. തീരുമാനം പുനപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Also Read: 'ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം'; പലസ്‌തീനെ പിന്തുണച്ച് ഇന്ത്യ