എറണാകുളം:പെരിയാറിലെ മത്സ്യക്കുരുതിയെ തുടർന്ന് കുഫോസിലെ ഏഴംഗ വിദഗ്‌ദ്ധ സമിതി ശാസ്‌ത്രീയമായി പഠനം നടത്തി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിനു സമർപ്പിക്കും. പെരിയാറിലെ വെള്ളത്തിലെ അമിതമായ രാസ സാന്നിധ്യം സ്ഥിരീകരിച്ച് പ്രാഥമിക റിപ്പോർട്ട് നേരത്തെ സർക്കാറിന് സമർപ്പിച്ചിരുന്നു.
അമിത തോതിലുള്ള ഹൈഡ്രജൻ സൾഫൈഡിന്‍റെ സാന്നിധ്യമാണ് മത്സ്യക്കുരുതിക്കിടയാക്കിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അമിതമായ തോതിൽ രാസമാലിന്യം വെള്ളത്തിൽ കലർന്നത് മത്സ്യക്കുരുതിക്കുള്ള പ്രധാന കാരണമെന്നാണ് അന്തിമ റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. ഹൈഡ്രജൻ സൾഫൈഡിൻ്റെ അമിത സാന്നിധ്യം മത്സ്യക്കുരുതിക്കു ശേഷവും പെരിയാറിലെ വെള്ളത്തിൽ കണ്ടെത്തിയിരുന്നു. ഇതു ജൈവമാലിന്യത്തിൽ നിന്നാണോ രാസ മാലിന്യത്തിൽ നിന്നാണോയെന്നതിന് വ്യക്തത വരുത്തുന്നതിനാണ് വീണ്ടും പരിശോധന നടത്തിയത്.