സംസ്ഥാനത്തേക്ക് പടക്കങ്ങളുടെ കുത്തൊഴുക്ക് ; ഓർഡറുകൾ എടുക്കുന്നത് ഓൺലൈൻ വഴി കണ്ണൂര്‍ : ഉത്തര കേരളത്തില്‍ അതിര്‍വരമ്പില്ലാത്ത ആഘോഷമാണ് വിഷു. ഏപ്രില്‍ ആരംഭത്തില്‍ തന്നെ പടക്കങ്ങളുടെ ശബ്‌ദഘോഷത്താല്‍ വടക്കേ മലബാര്‍ ഉണരും. കൊവിഡ് കാലത്ത് മങ്ങിപ്പോയ വിഷു ആഘോഷം കഴിഞ്ഞ തവണയാണ് പഴയകാല പ്രൗഢിയോടെ ആഘോഷിക്കപ്പെട്ടത്.
കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് വിഷു ആഘോഷം അതിന്‍റെ പൂര്‍ണതയില്‍ നടക്കുന്നത്. എന്നാല്‍ ഇതെല്ലാം മുതലെടുത്ത് ശിവകാശി കേന്ദ്രമായിട്ടുള്ള ചില പടക്കകമ്പനികള്‍ സുരക്ഷിതത്വവും കരുതലും ലംഘിച്ച് ഓണ്‍ലൈനായി ഓര്‍ഡര്‍ സ്വീകരിച്ച് ട്രക്കുകളിലും പാര്‍സല്‍ സര്‍വീസുകളിലുമായി പടക്കം എത്തിക്കുന്നത് ഭീഷണി ആയിരിക്കുകയാണ്.
ട്രെയിന്‍ ഉള്‍പ്പെടെയുള്ള യാത്ര വാഹനങ്ങളില്‍ പടക്കങ്ങള്‍ കൊണ്ടു പോകരുതെന്ന് നിയമമുണ്ട്. എന്നാല്‍ ഈ വിലക്ക് ലംഘിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസുകളിലടക്കം ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ വഴി പടക്കങ്ങള്‍ എത്തിച്ചേരുകയാണ്. ഗുരുതരമായ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന ഈ അനധികൃത പടക്ക വ്യാപാരത്തിന് പിന്നില്‍ വന്‍ റാക്കറ്റു തന്നെ മലബാര്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വാഹനങ്ങളില്‍ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് അനധികൃത വില്‍പ്പനയും തകൃതിയായി നടക്കുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഈ അനധികൃത വ്യാപാരത്തിന് തടയിടാന്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. അന്യ സംസ്ഥാനത്തു നിന്നും വരുന്ന ട്രക്കുകള്‍, പാര്‍സല്‍ സര്‍വീസുകള്‍ എന്നിവ വഴിയാണ് പടക്കം എത്തിച്ചേരുന്നത്.
പാഴ്‌സല്‍ സര്‍വീസ് കമ്പനികളുടെ അനുമതിയോടെ തന്നെയാണ് നിയമലംഘനം നടത്തി സുരക്ഷിതത്വത്തിന് ഭീഷണിയാകുന്ന വിധം പടക്കം എത്തിക്കുന്നത്. പടക്കങ്ങള്‍ സൂക്ഷിക്കാനും വില്‍ക്കാനും സംസ്ഥാനത്തെ ലൈസന്‍സ് സമ്പ്രദായം കര്‍ശനമാണ്. 1500 കിലോ ഗ്രാമിന് മുകളില്‍ പടക്കം ശേഖരിച്ച് വില്‍പ്പന നടത്തുന്നതിന് 80 ഓളം വന്‍കിട ലൈസന്‍സുകാര്‍ വടക്കേ മലബാര്‍ ജില്ലകളിലുണ്ട്. 1500 ഓളം ചെറുകിട വ്യാപാരികളും ലൈസന്‍സ് എടുത്ത് വിപണനം നടത്തുന്നുണ്ട്.
പെട്രോളിയം ആന്‍ഡ് എക്‌പ്ലോസീവ് സേഫ്‌റ്റി ഓര്‍ഗനൈസേഷന്‍ ലൈസന്‍സ് ഉള്ളവര്‍ക്കാണ് 1500 കിലോക്കു മുകളില്‍ പടക്കം ശേഖരിച്ച് വില്‍പ്പന നടത്താനുള്ള അനുമതിയുള്ളത്. ചെറുകിടക്കാര്‍ക്ക് ജില്ല തല ലൈസന്‍സാണ് ഉള്ളത്. ഇത്രയും കര്‍ശനമായി ലൈസന്‍സ് സമ്പ്രദായം നിലവിലുള്ള സംസ്ഥാനത്താണ് ഓണ്‍ലൈന്‍ ഓര്‍ഡര്‍ സ്വീകരിച്ച് ജനനിബിഢമായ റോഡുകളിലൂടെ പടക്കങ്ങള്‍ എത്തിച്ചേരുന്നത്.
ക്വിന്‍റല്‍ കണക്കിന് പടക്കങ്ങളാണ് അനധികൃതമായി ഇതു വഴി എത്തിച്ചേരുന്നത്. അതേസമയം ഒരു നിയന്ത്രണവുമില്ലാതെ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന പടക്കങ്ങളുടെ വരവിനെ ജനങ്ങളുടെ സുരക്ഷയോര്‍ത്ത് തടയിടേണ്ടതുണ്ട്.