കുബണൂരിലെ മാലിന്യ സംസ്‌കരണ പ്ലാൻ്റിൽ തീപിടിച്ചു കാസർകോട് : കാസർകോട് ജില്ലയിലെ കുബണൂരിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റിൽ വൻ തീപിടിത്തം. ഇന്നലെ (12-02-2024) അർധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത് (Huge Fire Broke Out At Waste Plant In Kubanur, Kasaragod). കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല.
മഞ്ചേശ്വരം താലൂക്കിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്‍റാണ് കുബണൂരിലേത്. മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം കുബണൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് എത്തിച്ചാണ് സംസ്‌കരിക്കുന്നത്.
17 വർഷം മുൻപാണ് ഇവിടെ മാലിന്യസംസ്‌കരണ സംവിധാനം പ്രവർത്തിച്ചുതുടങ്ങിയത്. കുബണൂരിൽ സംസ്‌കരണത്തിന് ശാസ്‌ത്രീയ സംവിധാനമില്ലാത്തതിനാൽ ടൺകണക്കിന് മാലിന്യമാണിവിടെ കൂട്ടിയിട്ടിരിക്കുന്നത്. വർഷങ്ങളായി ഇത് കുന്നുകൂടി ഇവിടെയുണ്ടായ മാലിന്യമല നാട്ടുകാർക്ക് തലവേദനയായി ഉയർന്നിരിക്കയാണ്.
തൃപ്പൂണിത്തുറ തീപിടുത്തം; ഗുരുതരമായി പരുക്കേറ്റവരെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു :എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ചൂരക്കാട് അനധികൃത പടക്ക സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഗുരതരമായ പരിക്കേറ്റവരെ എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരതരമായ പരിക്കേറ്റ നാല് പേരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ഇതിൽ മൂന്നുപേരെ ഐസിയു വിലും ഒരാളെ വാർഡിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമായി തുടരുകയാണ്. ദിവാകരൻ (55), ആനന്ദൻ (69), മടവൂർ ശാസ്‌താവട്ടം സ്വദേശി ആദർശ് (28), കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49) എന്നിവരാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നത്. ഇവർക്ക് വിദഗ്ദ്ധ ഡോക്‌ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുന്നതായി എറണാകുളം മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
തൃപ്പൂണിത്തുറയിൽ ചൂരക്കാട് പ്രദേശത്ത് ഇന്നലെ (12 ഫെബ്രുവരി) രാവിലെ 10.30 ഓടെയാണ് പടക്ക കടയിൽ സ്ഫോടനം ഉണ്ടായത്. ഒരാൾ മരിക്കുകുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഉഗ്രശബ്‌ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്. പടക്കശാലയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനം പൂർണമായും നശിച്ചു. പൊലീസും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിദേയമാക്കി.
ALSO READ : ചൂടു കൂടുന്നു, വാഹനങ്ങളിലെ അഗ്നിബാധയും; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്