കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാനെത്തിയവരെ പിടികൂടിയതിന് പിന്നാലെ തീപിടിത്തം. ഇന്ന് (ജനുവരി 28) വൈകീട്ട് ആറ് മണിയോടെയാണ് കോട്ടയിൽ തീപിടിത്തമുണ്ടായത്. തെളിവ് നശിപ്പിക്കാനായി ബോധപൂർവ്വം തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. തീപിടിത്തം നടന്ന വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്ത് എത്തി. തുടർന്ന് ഉപ്പള്ളയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
അതേസമയം ആരിക്കാടി കോട്ട നിധിക്കായി കുഴിച്ച സംഭവത്തിൽ സംസ്ഥാന പുരാവസ്‌തു വകുപ്പ് പരിശോധനയ്ക്ക് ശേഷം പൊലീസിൽ പരാതി നൽകും. സംരക്ഷിത മേഖലയിലെ അതിക്രമം ചൂണ്ടിക്കാട്ടിയാവും പരാതി നൽകുക. ആരിക്കാട് കോട്ടയിൽ നിധി കുഴിച്ചെടുക്കാനെത്തിയ സംഭവത്തിൽ മൊഗ്രാൽ - പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ച് പേരാണ് പ്രതികൾ.
സംസ്ഥാന പുരാവസ്‌തു വകുപ്പിന്‍റെ അധീനതയിലാണ് കുമ്പള ആരിക്കാടി കോട്ട. ഇവിടെയാണ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അടങ്ങുന്ന സംഘം നിധി കുഴിച്ചെടുക്കാൻ എത്തിയത്. ഭീമനടി സ്വദേശി അജാസ്, മൊഗ്രാൽ പുത്തൂർ സ്വദേശി അഫാർ, ഉളിയാർ സ്വദേശി മുഹമ്മദ് ഫിറോസ്, ബംഗള സ്വദേശി സഹദുദ്ദീൻ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. കോട്ടയ്ക്കകത്ത് നിധിയുണ്ടെന്ന വിശ്വാസത്താലാണ് പ്രതികൾ സ്ഥലം കുഴിക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന് കൊടുത്ത മൊഴി. അറസ്‌റ്റ് ചെയ്‌ത പ്രതികളെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.