സാമ്പത്തിക പ്രതിസന്ധി ഒഴിയാതെ കേരളം ; കേന്ദ്രം അനുവദിച്ച തുക ലഭിച്ചാലും പ്രശ്‌നങ്ങളുണ്ടാകും - ധനമന്ത്രി തിരുവനന്തപുരം : കേന്ദ്രം അനുവദിച്ച തുക ലഭിച്ചാലും സാമ്പത്തിക പ്രശ്‌നങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് 13600 കോടി രൂപ വായ്‌പയെടുക്കാനുള്ള കേന്ദ്ര അനുമതിക്ക് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വിവാദം ഉണ്ടാക്കരുതെന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ട്. കോടതി നിർദ്ദേശം ശുഭകരമായി കാണുന്നു. കോടതി പറഞ്ഞത് പ്രകാരം മുന്നോട്ട് പോകും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരിക്കുന്നില്ല. അതിന് നിയന്ത്രണം ഇല്ല. ഭരണഘടനാപരമായി ഹർജി കൊടുക്കാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടെന്നു കോടതി പറഞ്ഞു. 13,600 കോടി ഈ വർഷം തന്നെ എടുക്കുന്നതിനു കേസിന് പോയത് തടസമാകരുതെന്നു കോടതി പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി,മാർച്ച് മാസം സാധാരണ ഗതിയിൽ കിട്ടേണ്ട തുകയാണിതെന്നും കുറച്ചു പ്രതിസന്ധി ഉണ്ടെന്നു നിങ്ങൾക്ക് വ്യക്തമാണല്ലോയെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു(K N Balagopal ).
കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി 13600 കോടി രൂപ കടമെടുക്കാനായിരുന്നു കേന്ദ്രത്തിന്‍റെ അനുമതി. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീംകോടതിയില്‍ നൽകിയ ഹര്‍ജിയില്‍ ഇന്ന് നടന്ന വാദത്തിലാണ് സംസ്ഥാനത്തിന്‍റെ ആവശ്യത്തിന് കേന്ദ്രം ഭാഗികമായി അംഗീകാരം നൽകിയത്.
13600 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയെങ്കിലും ഇനിയും 15000 കോടി രൂപ കൂടി വേണമെന്നായിരുന്നു സംസ്ഥാനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്. സംസ്ഥാനത്തിന്‍റെ ഹര്‍ജി പിന്‍വലിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ കേസുമായി സമീപിക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നായിരുന്നു ജസ്റ്റിസ് കെ വി വിശ്വനാഥന്‍റെ വിമര്‍ശനം.
സംസ്ഥാനവും കേന്ദ്രവുമായുള്ള ചര്‍ച്ച തുടരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേ സമയം സംസ്ഥാനം നൽകിയ ഹര്‍ജിയിലെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ സമയമെടുക്കുമെന്നും എത്രമാത്രം ഇതില്‍ കോടതിക്ക് ഇടപെടാനാകുമെന്ന് പരിശോധിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.