കോഴിക്കോട് : കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാല് പേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ എംഎ യൂസഫലിയുടെ അഞ്ച് ലക്ഷം രൂപ, നോർക്ക ഡയറക്‌ടര്‍ ഡോ രവി പിള്ള, ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്‍റുമായ ബാബു സ്റ്റീഫന്‍റെ രണ്ട് ലക്ഷം ഉൾപ്പെടെ ആകെ 14 ലക്ഷം രൂപയാണ് നോർക്ക മുഖേന ഓരോ കുടുംബത്തിനും നൽകിയത്.
തിരുവനന്തപുരത്ത് വർക്കല ഇടവ സ്വദേശി ശ്രീജേഷിന്‍റെ സഹോദരിക്ക് പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ധനസഹായം കൈമാറി. നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്‍റെ കുടുംബത്തിനുള്ള ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ കൈമാറി. പത്തനംതിട്ട കോന്നിയിലെ സജു വർഗീസിൻ്റെ ഭാര്യയക്കും വാഴമുട്ടം ഈസ്റ്റില്‍ മുരളീധരൻ നായരുടെ ഭാര്യക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വീടുകളിലെത്തി ധനസഹായം കൈമാറി.