തിരുവനന്തപുരം : 16-ാം ധനകാര്യ കമ്മിഷനിൽ കേന്ദ്രത്തിൻ്റെ സാമ്പത്തിക നയങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കേരളം. നാല് സംസ്ഥാനങ്ങളുമായി ചേർന്ന് കേരളത്തിൽ കോൺക്ലേവ് സംഘടിപ്പിക്കും. സെപ്റ്റംബർ 12 ന് തിരുവനന്തപുരത്ത് നടക്കുന്ന കോൺക്ലേവിൽ പഞ്ചാബ്, കർണാടക, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പങ്കെടുക്കും.
അഞ്ച് വർഷ കാലത്തേക്ക് ഓരോ സംസ്ഥാനങ്ങൾക്ക് എത്ര കൊടുക്കണമെന്ന് തീരുമാനിക്കുന്ന 16-ാം ധനകാര്യ കമ്മിഷൻ ഈ വർഷമാണ് നിലവിൽ വരുന്നത്. രണ്ട് സെഷനായി നടക്കുന്ന കോൺക്ലേവിൽ ധനകാര്യ വിദഗ്‌ധരും പങ്കെടുക്കുമെന്ന് കെ എൻ ബാലഗോപാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെഡറലിസം സംരക്ഷിക്കാനാണ് കോൺക്ലേവെന്നും അദ്ദേഹം പറഞ്ഞു.