കോഴിക്കോട്: അരീക്കോട് വാക്കാലൂർ സ്വദേശി മുഹമ്മദലി സഖാഫിയുടെ വളരെ കാലത്തെ ആഗ്രഹമാണ് നീറ്റ് പരീക്ഷയെഴുതണമെന്നത്. ആ ആഗ്രഹ സഫലീകരണമാണ് ഇക്കൊല്ലത്തെ നീറ്റ് പരീക്ഷയെഴുതി മുഹമ്മദലി സഖാഫി പൂർത്തീകരിച്ചത്. അതും സ്വന്തം മകൾക്കൊപ്പം. മകൾ ഫാത്തിമ സനിയ്യക്കൊപ്പമാണ് മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാൻ മുഹമ്മദലി സഖാഫി എത്തിയത്.
32 വർഷം മുമ്പ് സുല്ലമുസ്ലാം ഹൈസ്‌കൂളിൽ നിന്ന് എസ്എസ്എൽസിയും തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ നിന്ന് പ്രീഡിഗ്രിയും, ശേഷം മർകസിൽ നിന്ന് മതപഠനത്തോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയും പൂർത്തിയാക്കിയ മുഹമ്മദലി സഖാഫിയുടെ ഏറെ കാലത്തെ ആഗ്രഹമാണ് നീറ്റ് പരീക്ഷയെന്ന കടമ്പ.
ഹയർ സെക്കൻഡറി പഠനം കഴിഞ്ഞ് മകൾ ഫാത്തിമ സനിയ്യയും നീറ്റിന് ശ്രമം തുടങ്ങിയതോടെ മുഹമ്മദലി സഖാഫിക്കും കാര്യങ്ങൾ എളുപ്പമായി. അങ്ങനെ മകളോടൊപ്പം തന്നെ നീറ്റ് എന്ന ആഗ്രഹം പൂർത്തീകരിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു മുഹമ്മദലി സഖാഫി. കൂട്ടിന് മകളുള്ളതിനാൽ പാഠഭാഗങ്ങൾ ഒരുമിച്ച് ചർച്ച ചെയ്‌ത് പഠിക്കാനായെന്ന് മുഹമ്മദലി പറയുന്നു.