മലപ്പുറം:ഗിന്നസ് റെക്കോര്‍ഡ് തന്നെ ഒരു സംഭവമാണ്. ഗിന്നസ് റെക്കോര്‍ഡ് തകര്‍ക്കല്‍ പതിവാക്കിയ ആളുകളും ഞെരിപ്പാണ്. എന്നാല്‍ ഒരു കുടുംബം മുഴുവന്‍ ഗിന്നസ് റെക്കോര്‍ഡുകാരായാലോ. അത്തരമൊരു കുടുംബമുണ്ട് മലപ്പുറത്ത്. ഇന്ത്യയിലെ ഈ വര്‍ഷത്തെ ഗിന്നസ് ഫാമിലിയെന്ന നേട്ടം കൈവരിക്കാന്‍ മഞ്ചേരി സ്വദേശിയായ സലീമും കുടുംബവും കൈക്കൊണ്ട മാര്‍ഗങ്ങളും തെരഞ്ഞെടുത്ത ചാലഞ്ചുകളും കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. ഇനിയിപ്പോള്‍ ഇന്ത്യൻ റെക്കോര്‍ഡിനുമപ്പുറം ലോകത്തിൻ്റെ തന്നെ ഗിന്നസ് ഫാമിലി എന്ന റെക്കോഡിലേക്കുള്ള തയാറെടുപ്പിലാണ് മലപ്പുറം സ്വദേശി സലിം പടവണ്ണയും കുടുംബവും.
കൈ കൊണ്ട് തൊടാതെ വായ കൊണ്ട് തൊലി നീക്കി പഴം കഴിക്കാനാവുമോ? മഞ്ചേരിക്കാരന്‍ സലീമിന് ഇതൊന്നും ഒന്നുമല്ല. 9 ഇഞ്ച് നീളവും 135 ഗ്രാം തൂക്കവും വരുന്ന വാഴപ്പഴം കൈ തൊടാതെ 17.82 സെക്കന്‍ഡില്‍ കഴിച്ച് തീര്‍ത്താണ് സലീം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ മുത്തമിട്ടത്. ഇംഗ്ലണ്ട് സ്വദേശിയായ ലിയ ഷട്ട്‌കെവരിന്‍റെ 2021ലെ 20.33 സെക്കന്‍ഡ് റെക്കോര്‍ഡ് മറികടന്നാണ് ഈ നേട്ടം സലീമിന്‍റെ പേരിലായത്. നിരന്തരമായ കഠിന പ്രയത്നത്തിലൂടെയാണ് 'ദ ഫാസ്‌റ്റസ്‌റ്റ് ടൈം ഈറ്റ് എ ബനാന നോ ഹാന്‍ഡ്' കാറ്റഗറിയുടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡെന്ന നേട്ടം സലീം സ്വന്തമാക്കിയത്. ഇടുക്കി പീരുമേടില്‍ വച്ച് നടന്ന ശ്രമത്തിലാണ് അദ്ദേഹം റെക്കോഡില്‍ മുത്തമിട്ടത്.
റെക്കോര്‍ഡ് തകര്‍ക്കലും തിരിച്ച് പിടിക്കലും:ഈ വര്‍ഷമാദ്യം കണ്ണൂര്‍ സ്വദേശിയായ ഫവാസ്, സലീമിന്‍റെ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. 'ദ ഫാസ്‌റ്റസ്‌റ്റ് ടൈം ഈറ്റ് എ ബനാന നോ ഹാന്‍ഡ്' എന്ന കാറ്റഗറിയില്‍ 9.7 സെക്കന്‍ഡ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് ഫവാസ് റെക്കോര്‍ഡ് തകര്‍ത്തത്. എന്നാല്‍ 2024 ജൂലൈ 30ന് നടന്ന മത്സരത്തില്‍ തനിക്ക് നഷ്‌ടപ്പെട്ട റെക്കോര്‍ഡ് സലീം വീണ്ടും തിരിച്ച് പിടിക്കുകയുമുണ്ടായി. 8.57 സെക്കന്‍ഡ് കൊണ്ട് മത്സരം പൂര്‍ത്തിയാക്കിയാണ് തന്‍റെ റെക്കോര്‍ഡ് വീണ്ടും സലീം കൈവെള്ളയിലാക്കിയത്. തന്നില്‍ നിന്നും നഷ്‌ടപ്പെട്ട റെക്കോര്‍ഡ് തിരിച്ച് പിടിക്കാനായത് വീണ്ടും സലീമിന് പ്രചോദനമായി. ഇതോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ സലീം വീണ്ടുമെത്തി.
2023 ലും ഗിന്നസ് നേട്ടം: പഴം കഴിച്ച് കൊണ്ട് മാത്രമല്ല വെള്ളം കുടിച്ചും റെക്കോര്‍ഡ് സൃഷ്‌ടിച്ചയാളാണ് സലീം. കുട്ടികള്‍ക്കുള്ള പാല്‍ക്കുപ്പിയുടെ നിപ്പിളിലൂടെ വെള്ളം കുടിക്കുന്ന ഇനത്തിലും സലീം നേട്ടം കൊയ്‌തു. 2023ലായിരുന്നു ആ വിജയം. 34.17 സെക്കന്‍റ് കൊണ്ട് 250 ലിറ്റര്‍ വെള്ളമാണ് സലീം നിപ്പിളിലൂടെ കുടിച്ച് മുന്നേറിയത്. 2023ല്‍ മലേഷ്യക്കാരന്‍റെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ആ നേട്ടം. വെള്ളം കുടി മാത്രമല്ല ചക്രം കൈയിലിട്ട് കറക്കുന്നതിലും നമ്പര്‍ വണ്ണായിരുന്നു സലീം. 30 സെക്കന്‍റില്‍ 151 തവണ ചക്രം കറക്കിയാണ് സലീം ലോക റെക്കോര്‍ഡിട്ടത്.
ഗിന്നസോ ഇതൊക്കെയെന്ത് ?ഗിന്നസ് നേട്ടമെന്നത് സലീമിന്‍റെ ഫാമിലിക്കൊരു പുതുമയല്ല. അതിന് കാരണം സലീമിന്‍റെ രണ്ട് മക്കളും ഗിന്നസ് നേട്ടക്കാരാണ്. തലയില്‍ കൈകള്‍ കോര്‍ത്ത് വച്ച് ഇടത് കൈമുട്ടും വലതു കാല്‍മുട്ടും അതുപോലെ വലത് കൈമുട്ടും ഇടത് കാല്‍മുട്ടും തട്ടത്തക്കവണ്ണത്തില്‍ ചുവട് വച്ചതിനാണ് മകള്‍ ജുവൈരിയ ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ചത്. 54 ചുവടുകള്‍ വച്ചായിരുന്നു ജുവൈരിയയുടെ മുന്നേറ്റം. ഇതോടെ തകര്‍ന്നത് യൂറോപ്പില്‍ നിന്നുള്ള 16 ചുവടുകളുടെ റെക്കോര്‍ഡായിരുന്നു. 2024 മാര്‍ച്ചിലായിരുന്നു ജുവൈരിയയുടെ ഈ നേട്ടം.