ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഏഴര പൊന്നാന ദര്‍ശനം കോട്ടയം : ഭക്ത സഹസ്രങ്ങൾക്ക് സായൂജ്യമായി ഏഴര പൊന്നാന ദർശനം (Ezhara Ponnana Ettumanoor Mahadeva Temple). ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഇന്നലെ (18.02.2024) രാത്രി 12 മണിക്കാണ് ഏഴര പൊന്നാന ദർശനം നടന്നത്. ആസ്ഥാന മണ്ഡപത്തിൽ ദീപപ്രഭയിൽ തിളങ്ങി നിൽക്കുന്ന പൊന്നാനകളെ ദർശിച്ചു ഭക്തർ കാണിക്കയർപ്പിച്ചു.
ചരിത്ര പ്രസിദ്ധമായ ഏഴര പൊന്നാന ഭർശനത്തിന് ഭക്തസഹസ്രങ്ങളാണ് ഒഴുകിയെത്തിയത്. ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തിലാണ് ഏഴര പൊന്നാന ദർശനം നടന്നത്. ക്ഷേത്രത്തിൽ നിന്ന് 11:30 ഓടെ പൊന്നാനകളെ എഴുന്നള്ളിച്ച് ആസ്ഥാന മണ്ഡപത്തിൽ പ്രതിഷ്‌ഠിച്ചു.
തന്ത്രി കണ്‌ഠരര് രാജീവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഏറ്റുമാനൂരപ്പൻ്റെ തിടമ്പിന് ഇരു വശങ്ങളിലായി ഏഴര പൊന്നാനകൾ നിരന്നപ്പോൾ ആസ്ഥാന മണ്ഡപം ദീപപ്രഭയിൽ കുളിച്ചു. ചെങ്ങന്നൂർ പൊന്നുരുട്ട മഠത്തിൽ കുടുംബത്തിലെ കാരണവർ വലിയ കാണിക്കയിൽ ആദ്യകാഴ്ച്ച സമർപ്പിച്ചു.
തുടർന്ന് ഭക്തർ ഏഴര പൊന്നാനകളെ ഭർശിച്ച് കാണിക്കയർപ്പിച്ചു. ആസ്ഥാന മണ്ഡപത്തിന് മുൻപിൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് ഏഴരപൊന്നാനകളെ കൊടിമര ചുവട്ടിൽ ഇറക്കി എഴുന്നള്ളിച്ചു. പുലർച്ചെ രണ്ടിനായിരുന്നു വലിയ വിളക്ക് ദർശനം. തിരക്ക് നിയന്ത്രിക്കാൻ പ്രേത്യേക ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരുന്നു. 20 ന് ആറാട്ടോടെ ഉത്സവം സമാപിക്കും.