പത്തനംതിട്ട: രാജ്യദ്രോഹിയായി മരിക്കാൻ തയ്യാറല്ല, കമ്മ്യൂണിസ്‌റ്റ് ആയതിൻ്റെ പേരിൽ കേന്ദ്ര സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 76 കാരൻ നടത്തുന്ന ധർമ സമര യാത്ര പത്തനംതിട്ടയിൽ. 2024 ഓഗസ്‌റ്റ് 15 സ്വാതന്ത്രദിനത്തിൽ കാസർകോട് ജില്ലയിലെ തലപ്പാടിയിൽ നിന്നും ആരംഭിച്ചതാണ് അഡ്വ. ആർ മനോഹരൻ്റെ ഒറ്റയാൾ ധർമ സമര യാത്ര.
തൻ്റെയും മറ്റനേകം അളുകളുടെയും ജീവിതത്തിൻ അനുഭവിക്കേണ്ടി വന്ന അനീതിക്ക് പരിഹാരം തേടിയാണ് മനോഹരൻ ഈ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയിട്ടുള്ളത്. സ്വാതന്ത്രാനന്തരം 1977 വരെയാണ് ഇത്തരത്തിൽ ഒരു നിയമം രാജ്യത്ത് നിലനിന്നിരുന്നത്. 1977 ൽ ജനതാ സർക്കാരിൻ്റെ കാലത്താണ് ഈ നിയമം മാറ്റിയത്. അഡ്വ. മനോഹരൻ ഇത്തരത്തിൽ രണ്ട് തവണയാണ് സർവീസിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളത്.
1971 ൽ ഇന്ത്യൻ ആർമിയുടെ മദ്രാസ് റജിമെൻ്റിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ചു. ട്രെയിനിങിന് ശേഷം പോസ്‌റ്റിങ് ആയതിന് പിന്നാലെ അന്നത്തെ നടപടിക്രമം അനുസരിച്ച് നടന്ന വെരിഫിക്കേഷനിൽ ഇദ്ദേഹം കമ്മ്യൂണിസ്‌റ്റ് ആണ് എന്ന റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ട് ലഭിച്ചതിൻ്റെ തൊട്ടടുത്ത ദിവസം തന്നെ മനോഹരനെ സർവീസിൽ നിന്നും പുറത്താക്കി.
1972 ൽ ഇൻകം ടാക്‌സ് ഡിപ്പാർട്ട്മെൻ്റിൽ ക്ലാർക്ക് അയി ജോലിയിൽ പ്രവേശിച്ചെങ്കിലും വീണ്ടും പഴയ അനുഭവം ആവർത്തിക്കുകയായിരുന്നു. ഈ കാലഘട്ടത്തിൽ കേരളത്തിന് പുറമേ ബിഹാർ ഒറീസ, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നുറ് കണക്കിനാളുകളാണ് ഇത്തരത്തിൽ സർവീസിൽ നിന്നും പുറത്താക്കപ്പെട്ടത്.
മിക്കവരുടെയും ഭാവി ജീവിതം ഇരുളിലായി. ചിലർ തെരുവുകളിൽ അലഞ്ഞ് നടന്നു. ചിലർ മാനസിക രോഗികളായി. ചിലർ ഒറ്റക്കും മറ്റു ചിലർ കുടുംബത്തോടൊപ്പവും ആത്മഹത്യ ചെയ്‌തു. ജനതാ ഗവൺമെൻ്റ് നിയമം മാറ്റിയെങ്കിലും മുൻപ് പിരിച്ചുവിടപ്പെട്ടവരുടെ വിഷയം കണ്ടില്ലെന്ന് നടിച്ചു.