എറണാകുളം: സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ നിന്ന് മോഷണം നടത്തിയ അന്തർ സംസ്ഥാന മോഷ്‌ടാവ് മുഹമ്മദ് ഇർഫാനെ സംഭവ സ്ഥലത്തുൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജോഷിയുടെ വീട്ടിൽ മതിൽ ചാടി കടന്നതും ജനൽ തകർത്ത് ഉള്ളിൽ കടന്നതും ഭാവ മാറ്റങ്ങളില്ലാതെ പ്രതി പൊലീസിന് കാണിച്ചു കൊടുത്തു.
സമീപത്തെ മറ്റ് മൂന്ന് വീടുകളിൽ മോഷണം ശ്രമം നടത്തിയെങ്കിലും ആയുധങ്ങളില്ലാത്തതിനാൽ വിജയിച്ചില്ലന്നും പ്രതി പൊലീസിനോട് പറഞ്ഞു. വാഹനം പാർക്ക് ചെയ്‌ത സ്ഥലവും ഭക്ഷണം കഴിച്ച സ്ഥലവും പ്രതി മുഹമ്മദ് ഇർഫാൻ പൊലിസിന് കാണിച്ചു കൊടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്‌റ്റഡിയിൽ വിട്ടത്. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്ന് കണ്ടെത്താൻ ഫോൺ രേഖകൾ ഉൾപ്പെടെ പരിശോധിക്കും. പ്രതി സ്ഥിരം കുറ്റവാളിയാണ് എന്നാണ് റിമാൻ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
പ്രതി മോഷ്‌ടിച്ച ഒരു കോടി 20 ലക്ഷം രൂപയുടെ ആഭരണങ്ങളും പ്രതിയിൽ നിന്ന് കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 6 സംസ്ഥാനങ്ങളിലായി 19 കേസിലെ പ്രതിയാണ് മുഹമ്മദ് ഇർഫാൻ. മോഷണം നടന്ന് പതിനഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനാൻ കഴിഞ്ഞത് കൊച്ചി സിറ്റി പൊലീസിൻ്റെ വലിയ നേട്ടമായി.
പ്രതിയുടെ ഭാര്യ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ്
പ്രതി മുഹമ്മദ് ഇർഫാന്‍റെ ഭാര്യ ഗുൽഷൻ, ബിഹാറിലെ സീതാമർസി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാണെന്നും സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ബോർഡ് വെച്ച വാഹനത്തിൽ എത്തിയാണ് പ്രതി മോഷണം നടത്തിയത്. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
സംവിധായകൻ ജോഷിയുടെ വീട് തെരെഞ്ഞെടുത്തത് ഗൂഗിളിൽ തെരഞ്ഞാണ്. മറ്റ് മൂന്ന് വീടുകൾ കൂടി പ്രതി ലക്ഷ്യമിട്ടിരുന്നെങ്കിലും മോഷണത്തിന് കഴിഞ്ഞില്ല. ഈ മാസം ഇരുപതിനാണ് പ്രതി കാറിൽ കേരളത്തിൽ എത്തിയത്. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം മോഷ്‌ടിച്ച കേസും ഇയാളുടെ പേരിലുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ വ്യക്തമാക്കി.
ബിഹാര്‍ റോബിൻ ഹുഡ്
പ്രതി മുഹമ്മദ് ഇർഫാൻ ബിഹാറിലെ റോബിൻ ഹുഡ് എന്നാണ് അറിയപ്പെടുന്നത്. സ്വന്തമായി മോഷണം ആസുത്രണം ചെയ്‌ത് സ്ക്രൂഡ്രൈവർ ഉൾപ്പടയുള്ള ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വിദഗ്‌ധമായാണ് മോഷണം നടത്തിവരുന്നത്. ഒരോ മോഷണത്തിനും രാജ്യത്തെ ഓരോ പ്രദേശങ്ങളിലെ സമ്പന്നരായ വ്യക്തികളെയാണ് ഇർഫാൻ ലക്ഷ്യമിട്ടിരുന്നത്.
മോഷണ മുതലിൽ ഒരു ഭാഗം പാവങ്ങളെ സഹായിക്കാനായി മാറ്റിവെക്കുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ ചികിത്സ സഹായം, കല്യാണ സഹായം, റോഡ് നിർമ്മാണം ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് ഇയാൾ ഉദാരമായി സംഭാവന ചെയ്‌തിരുന്നു. നാട്ടുകാർക്ക് ഇടയിൽ പ്രതിക്ക് പവാങ്ങളെ സഹായിക്കുന്ന വ്യക്തിയെന്ന പ്രതിച്ഛായ ആണ് ഉണ്ടായിരുന്നത്.
ശനിയാഴ്‌ച പുലർച്ചെ 1.30 ന് ശേഷമാണ് സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ മോഷണം നടന്നത്. ഒരു കോടിയിലേറെ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വർണ്ണവും പണവുമാണ് കവര്‍ന്നത്. വീട്ടിലെ പരിശോധനയിൽ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പ്രതി സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്.
സംഭവ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതും പിന്നീട് ജില്ലയ്ക്ക് പുറത്തേക്ക് പോയതുമായ മൊബൈൽ ഫോണുകളുടെ വിവരങ്ങൾ കൂടി ലഭിച്ചതോടെ പ്രതിയിലേക്കെത്തിയ പൊലീസ് ഇയാൾ ഉഡുപ്പിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും നിർത്താതെ ഓടിച്ചു പോയ കാർ കിലോമീറ്ററോളം പിന്തുടർന്ന് സാഹസികമായാണ് ഇർഫാനെ പിടികൂടിയത്.
Also Read :സംവിധായകൻ ജോഷിയുടെ വീട്ടിലെ കവര്‍ച്ച : മോഷ്‌ടാവ് ഉഡുപ്പിയിൽ പിടിയിൽ - Director Joshiy House Theft