എറണാകുളം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖല ക്ഷീരോത്പാദക സഹകരണ സംഘം (മില്‍മ) മാറി. മില്‍മ എറണാകുളം യൂണിയന്‍റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ പ്ലാന്‍റ് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ നാടിന് സമര്‍പ്പിച്ചു. പ്രതിസന്ധികളെ എങ്ങനെ അനുകൂലമാക്കാം എന്നതിന്‍റെ നേര്‍ക്കാഴ്‌ചയാണ് തൃപ്പൂണിത്തുറയിലെ സൗരോര്‍ജ പ്ലാന്‍റെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ചതുപ്പുനിലവും കുളവുമായിരുന്ന ഭൂപ്രകൃതി നിലനിര്‍ത്തി കൊണ്ടുതന്നെ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. 16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്. ഡയറി പ്രോസസിങ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്‍റ് സ്‌കീമില്‍ നിന്നുള്ള 9.2 കോടി രൂപയുടെ വായ്‌പയും, മേഖല യൂണിയന്‍റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ഡയറി കോമ്പൗണ്ടിലെ തടാകത്തില്‍ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്‌ളോട്ടിങ് സോളാര്‍ പാനലുകള്‍, കാര്‍പോര്‍ച്ച് മാതൃകയില്‍ സജീകരിച്ച 102 കിലോ വാട്ട് സോളാര്‍ പാനലുകള്‍, ഗ്രൗണ്ടില്‍ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാര്‍ പാനലുകള്‍ എന്നീ രീതിയിലാണ് സോളാര്‍ പ്ലാന്‍റ് ക്രമീകരിച്ചത്. മില്‍മയുടെ സരോര്‍ജ നിലയം പ്രതിവര്‍ഷം 2.9 ദശലക്ഷം യൂണിറ്റ് (ജിഡബ്ല്യുഎച്) ഹരിതോര്‍ജം ഉത്‌പാദിപ്പിക്കുകയും ഇതുവഴി പ്രതിവര്‍ഷം 1.94 കോടി രൂപ ഊര്‍ജ ചെലവ് ഇനത്തില്‍ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കുറയ്‌ക്കും, ഒരുലക്ഷം മരങ്ങള്‍ നടുന്നതിന് തുല്യം