എറണാകുളം :കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച പൊലീസ് നടപടിയെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ചതിൽ കേസെടുക്കാൻ ഉത്തരവിട്ട കോടതിയുടെ ഇടപെടൽ പിണറായി വിജയന്‍റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റെ മുഹമ്മദ് ഷിയാസ്. അക്രമ പരമ്പരകളിലെ മുഖ്യമന്ത്രിയുടെ പങ്ക് കോടതിക്കു മനസിലാക്കി. രാഷ്ട്രീയ ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കുവാൻ തയ്യാറാകണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
ഏകാധിപതികളായ ഭരണാധികാരികളുടെ ജനാധിപത്യ വിരുദ്ധ സമീപനങ്ങളിൽ സാധാരണക്കാരുടെ പ്രതീക്ഷ കോടതികളാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ ഉണ്ടായ കോടതി ഉത്തരവിനെ ആശ്വാസത്തോടെ കാണുകയാണ്. കോടതി അന്വേഷിക്കുവാൻ പറഞ്ഞിരിക്കുന്നത് പൊലീസിനോട് തന്നെയാണ്. ഈ പൊലീസിൽ നിന്നും നീതി കിട്ടുമെന്ന് കോൺഗ്രസ് കരുതുന്നില്ല.
പൊലീസ് ഇനിയും മുഖ്യമന്ത്രിക്കു വേണ്ടി ഇടപെടലുകൾ നടത്തിയാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ജനാധിപത്യ രീതിയിൽ പ്രതികരിച്ചവർക്കെതിരെ ക്രൂരമായ അതിക്രമമാണ് പൊലീസിന്‍റെ നേതൃത്വത്തിൽ നടന്നത്. അത്തരം അതിക്രമങ്ങളെ ന്യായീകരിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. സത്യ വാചകം ചൊല്ലി അധികാരത്തിൽ ഏറിയ ഒരു ഭരണാധികാരിക്ക് ഭൂഷണമായ കാര്യമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.