കേരളം

kerala

ETV Bharat / state

പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും; എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ സംഘർഷാവസ്ഥ - BISHOP HOUSE PROTEST

ബിഷപ്പ് ഹൗസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിക്കാനുള്ള ശ്രമം പ്രതിഷേധക്കാർ തടഞ്ഞു.

അങ്കമാലി അതിരൂപത  ബിഷപ്പ് ഹൗസ് സംഘര്‍ഷം  ERNAKULAM BISHOP HOUSE  ERNAKULAM ANGAMALY ARCHDIOCESE
ബിഷപ്പ് ഹൗസിന് മുന്നിലെ സംഘർഷം (ETV Bharat)

By ETV Bharat Kerala Team

Published : Jan 11, 2025, 5:41 PM IST

എറണാകുളം: എറണാകുളം ബിഷപ്പ് ഹൗസിന് മുന്നിൽ സംഘർഷാവസ്ഥ. പൊലീസും അല്‍മായ മുന്നേറ്റം പ്രവർത്തകരും തമ്മിലാണ് വലിയ തോതിൽ ഉന്തും തള്ളുമുണ്ടായത്. ബിഷപ്പ് ഹൗസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിക്കാനുള്ള ശ്രമം പ്രതിഷേധക്കാർ തടഞ്ഞു.

വിശ്വാസികളും വൈദികരും ഉൾപ്പെടുന്ന വിമത വിഭാഗമാണ് പ്രതിഷേധം ശക്തമാക്കിയത്. ബിഷപ്പ് ഹൗസിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്‌ത വൈദികരെ ബിഷപ്പ് ഹൗസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം തുടരുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതോടൊപ്പം പ്രശ്‌ന പരിഹാരത്തിനായുള്ള സമവായ ചർച്ചകളും ഒരു ഭാഗത്ത് നടക്കുകയാണ്. അല്‍മായ മുന്നേറ്റത്തിന്‍റെ ഭാഗമായുള്ള നൂറുകണക്കിനാളുകളാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പൊലീസ് ഏക പക്ഷിയമായി പെരുമാറുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന എകീകരണത്തിനെതിരെയും, കൂരിയ അംഗങ്ങളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് ബിഷപ്പ് ഹൗസിൽ പ്രതിഷേധ സമരം ആരംഭിച്ചത്. സമരം തുടരുന്നതിനിടെ ഒരു വിഭാഗം വൈദികരെ ബലപ്രയോഗത്തിലൂടെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

അതിരാവിലെയാണ് പ്രതിഷേധിച്ച വൈദികർക്കെതിരെ പൊലീസ് നടപടി ഉണ്ടായത്. ഇരുപത്തിയൊന്ന് വൈദികരായിരുന്നു അതിരൂപത ബിഷപ്പ് ഹൗസിൽ പ്രതിഷേധത്തിൽ പങ്കെടുത്തത്. നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണ് കൂരിയ അംഗങ്ങളെന്നും അവരെ രൂപത ഭരണ സമിതിയിൽ നിന്ന് പുറത്താക്കണമെന്നും സമരം ചെയ്‌ത വൈദികര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എറണാകുളം ബസിലിക്ക പള്ളിയങ്കണത്തിൽ വൈദികരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിശ്വാസികൾ തമ്മിൽ തർക്കവും സംഘർഷവും നടന്നിരുന്നു.
പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. ഇതിന്‍റെ തുടർച്ചയായാണ് വൈദികരെ ബിഷപ്പ് ഹൗസിൽ നിന്നും നീക്കം ചെയ്‌തത്.

Also Read:ബിഷപ്പ് ഹൗസിലെ പ്രതിഷേധം: വൈദികര്‍ക്കെതിരെ പൊലീസ് നടപടി; ബലം പ്രയോഗിച്ച് നീക്കി

ABOUT THE AUTHOR

...view details