തിരുവനന്തപുരം : സംസ്ഥാനം മുഴുവന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിനെത്തുടര്‍ന്നു വന്ന വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്നതിനിടയില്‍ വന്ന ഇടതുമുന്നണി നേതൃമാറ്റം കേവലം സ്വാഭാവികമാണോ. അല്ലെന്നാണ് സിപിഎമ്മിനകത്തെ അടക്കം പറച്ചില്‍. മുതിര്‍ന്ന നേതാവ് ഇ പി ജയരാജനാണ് പദവി നഷ്‌ടമായത്.
പുറത്തായതിന് കാരണമായ രാഷ്ട്രീയ സംഭവങ്ങള്‍ പൊടുന്നനെ ഉണ്ടായതല്ലെങ്കിലും പുറത്തു പോയ സമയം പാര്‍ട്ടി തെരഞ്ഞെടുത്തത് വന്‍ ട്വിസ്റ്റ് ലക്ഷ്യമിട്ടാണെന്നാണ് പാര്‍ട്ടിക്കകത്തെ സംസാരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സൃഷ്‌ടിച്ച ഭൂകമ്പവും അതിന്‍റെ പ്രകമ്പനങ്ങളും മലയാള സിനിമ മേഖലയേയും സിപിഎമ്മിനെയും ഉലയ്ക്കുന്നതിനിടെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജന് പടിയിറങ്ങേണ്ടി വരുന്നത്.
സിനിമ കഥകളിലെ ക്ലൈമാക്‌സിനെ വെല്ലുന്ന ട്വിസ്റ്റാണ് സിപിഎം ഇക്കാര്യത്തില്‍ കരുതിവച്ചതെന്ന വിലയിരുത്തലുമുണ്ട്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ദല്ലാള്‍ നന്ദകുമാറിന്‍റെ ചില വെളിപ്പെടുത്തലുകളാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ബിജെപി നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചയിലേക്ക് വെളിച്ചം വീശിയത്.
കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി പ്രഭാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ അദ്ദേഹത്തെ തിരുവനന്തപുരത്ത് മകന്‍റെ ഫ്ലാറ്റിലെത്തി സന്ദര്‍ശിച്ചു എന്ന വെളിപ്പെടുത്തല്‍ ജയരാജന് സമ്മതിക്കേണ്ടിയും വന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തലേ ദിവസവും അന്നുമായി അലയടിച്ച ഈ വിവാദം സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോല്‍വിക്കുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുകയും ചെയ്‌തിരുന്നു.
എന്നാല്‍ പിന്നാലെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം നേതൃയോഗങ്ങളിലോ അതിനു ശേഷം നടന്ന നേതൃയോഗങ്ങളിലോ ഒന്നും വിവാദം നേതൃത്വം ചര്‍ച്ചയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ ഇന്നലെയും ഇന്നുമായി പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന സമിതി യോഗവും പൊടുന്നനേ ഈ വിഷയം പരിഗണിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
ജയരാജന്‍റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തു വന്നത് ജയരാജനെ അമ്പരപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ സംസാരിച്ച ചിലരും മന്ത്രി വിഎന്‍ വാസവനും ജയരാജന്‍റെ നടപടിയെ അതിരൂക്ഷമായി കടന്നാക്രമിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്‌തു. മുഖ്യമന്ത്രികൂടി തന്നെ കൈവിട്ടെന്ന് ബോധ്യമായതോടെ പിടിച്ചു നില്‍ക്കാന്‍ വഴി കാണാതെ, ഇന്നത്തെ സംസ്ഥാന സമിതി യോഗവും ബഹിഷ്‌കരിച്ച് ജയരാജന്‍ തലസ്ഥാനം വിടുകയായിരുന്നു.
എകെജി സെന്‍ററിന്‍റെ എതിര്‍ വശത്ത് സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കുള്ള ഫ്ലാറ്റും ഇപി ഒഴിഞ്ഞെന്നാണ് വിവരം. എന്നാല്‍ ഇത്രയും ശ്രദ്ധേയമായ ഒരു നടപടി സിപിഎമ്മിലുണ്ടായിട്ടും പതിവ് പോലെ അതു മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയില്ലെന്നതാണ് രസകരം. ലൈംഗികാരോപണ വിധേയനായി നില്‍ക്കുന്ന നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ എന്തെങ്കിലും നടപടിയായിരിക്കും യോഗത്തിലുണ്ടാവുക എന്നായിരുന്നു മാധ്യമങ്ങള്‍ പൊതുവേ കരുതിയത്. എന്നാല്‍ മുകേഷിനെ സംരക്ഷിച്ച് ഇപിക്കെതിരെ നടപടിയെടുക്കുകയാണ് പാര്‍ട്ടി ചെയ്‌തത്.
രണ്ട് ദിവസം മുന്‍പ് പോലും മുകേഷിനെ ശക്തമായി ന്യായീകരിച്ച് ഇപി ജയരാജന്‍ രംഗത്ത് വന്നിരുന്നു. അതേ സമയം ഇത്രയും കാലമില്ലാത്ത വിഷയം കുത്തിപ്പൊക്കി ജയരാജനെ എല്‍ഡിഎഫ് സ്ഥാനത്ത് നിന്ന് പൊടുന്നനെ തെറിപ്പിച്ച് മുകേഷിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സിപിഎം ശ്രമിക്കുകയായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജയരാജനെ ബലിയാടാക്കി മുകേഷിനെ സിപിഎം സംരക്ഷിക്കുന്നു എന്ന അടക്കിപ്പിടിച്ച സംസാരവും സിപിഎമ്മില്‍ ഉയര്‍ന്നിട്ടുണ്ട്.
Also Read :'ഇപി' വിവാദങ്ങളുടെ രണ്ടക്ഷരം; കണ്ണൂരിന്‍റെ ചുവന്ന മണ്ണിൽ മറ്റൊരു വന്മരം കൂടി കടപുഴകുമ്പോൾ...