കണ്ണൂർ :പരശുറാം എക്‌സ്പ്രസ് കൃത്യസമയം പാലിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷന്‍റെ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഇത് സംബന്ധിച്ച് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദേശം നൽകി. പരശുറാം എക്‌സ്‌പ്രസിൽ ഒരു ബോഗി കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ട്രെയിനിൽ അനുഭവപ്പെടുന്ന തിരക്കിന് യതൊരു കുറവും ഉണ്ടായിട്ടില്ലെന്ന് കമ്മിഷൻ നിര്‍ദേശത്തില്‍ പറഞ്ഞു.
കോഴിക്കോട് – കണ്ണൂർ റൂട്ടിൽ ഓടുന്ന പതിവ് തീവണ്ടികളിലെ തിരക്ക് കുറയ്ക്കാൻ റെയിൽവേയുടെ ഭാഗത്ത് നിന്ന് പ്രായോഗികമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും കമ്മിഷന്‍ വിമർശിച്ചു. മംഗലാപുരത്ത് നിന്നും രാവിലെ 5.05 നാണ് പരശുറാം എക്‌സ്‌പ്രസ് യാത്ര ആരംഭിക്കുന്നത്. കണ്ണൂരിൽ 7.07- നും കോഴിക്കോട് 8.37- നും എത്തിച്ചേരും. സമയം കൃത്യമായി പാലിക്കുകയാണെങ്കിൽ 8.57-ന് കാസർകോട് നിന്നും യാത്ര ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്‌പ്രസിന് വേണ്ടി പരശുറാം എക്‌സ്‌പ്രസ് പിടിച്ചിടേണ്ടി വരില്ലെന്ന യാത്രാക്കാരുടെ ആവശ്യം പരിഗണനാർഹമാണെന്ന് ഉത്തരവിൽ പറയുന്നു.