മലപ്പുറം:നിലമ്പൂരില്‍ അടച്ച് പൂട്ടിയ കാരാട്ട് കുറീസ്, ധനക്ഷേമനിധി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സമരത്തിലേക്ക്. സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ പൊലീസ് അവസരം ഒരുക്കണമെന്നും മുങ്ങിയ ഉടമകളേയും തട്ടിപ്പിന് കൂട്ടുനിന്ന സൂപ്പര്‍വൈസര്‍മാരെയും പിടികൂടണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
കാരാട്ട് കുറീസ് ധനക്ഷേമ നിധി സ്ഥാപനത്തിന്‍റെ ഉടമകള്‍ സൂപ്പര്‍വൈസര്‍മാരുടെ സഹായത്തോടെയാണ് മുങ്ങിയതെന്നും ഇവരെ അറസ്‌റ്റ് ചെയ്‌താല്‍ ഉടമകള്‍ പുറത്ത് വരുമെന്നും ജീവനക്കാര്‍ പറഞ്ഞു. പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ ബുധനാഴ്‌ച നിക്ഷേപകരുമായി ചേര്‍ന്ന് സമരം തുടങ്ങുമെന്നും ജീവനക്കാര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 14 ബ്രാഞ്ചുകളിലെ 172 ഓളം ജീവനക്കാരാണ് നിലമ്പൂരില്‍ സമര പ്രഖ്യാപനം നടത്തിയത്.
സീരിയല്‍ നടന്‍ ഹരീന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഡയറക്‌ടര്‍ ബോര്‍ഡ് അംഗങ്ങളായുള്ള കാരാട്ട് കുറീസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്, ധനക്ഷേമനിധി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടിയാണ് ഉടമകളായ സന്തോഷും മുബഷിറും മുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്‌ച രാത്രിയാണ് 14 ബ്രാഞ്ച് ഓഫിസുകളും പൂട്ടി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി ഇവര്‍ മുങ്ങിയത്.
സന്തോഷും മുബഷീറും മുങ്ങിയെങ്കിലും സൂപ്പര്‍വൈസര്‍മാരായ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്ത്, അനീഷ് എന്നിവര്‍ ഇപ്പോഴും നാട്ടിലുണ്ട്. സൂപ്പര്‍വൈസര്‍മാർ നിലമ്പൂരിലെ ബ്രാഞ്ച് പൂട്ടി സാധനങ്ങളുമായി കടന്ന് പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരിലാണ് ചിട്ടികള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളതെന്ന് ജീവനക്കാർ വ്യക്തമാക്കി.
പൊലീസ് ഇടപെട്ട് സൂപ്പര്‍വൈസര്‍മാരെ പിടികൂടി അടച്ച് പൂട്ടിയ ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അവസരം ഒരുക്കണം. നിഷേപകരുടെ പണം മടക്കി നല്‍കാന്‍ ഇതിലൂടെ സാധിക്കും. സൂപ്പര്‍വൈസര്‍മാര്‍ മുന്നില്‍ നിന്ന് ബ്രാഞ്ചുകള്‍ തുറന്നാല്‍ ജോലി ചെയ്യാന്‍ തയാറാണെന്നും ഇതിലൂടെ നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു.