കേരളം

kerala

ETV Bharat / state

വെഞ്ഞാറമൂട്ടിലെ 'തോമസ് ആൽവ എഡിസൺ'; കണ്ടുപിടുത്തങ്ങളുമായി നന്ദകുമാര്‍ ഇവിടെയുണ്ട് - Electronic Equipments From Scrap

ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്‌തുക്കളിൽ നിന്ന് ലഭിക്കുന്ന പാർട്‌സുകള്‍ ഉപയോഗിച്ചാണ് നന്ദകുമാർ ഓരോ കണ്ടുപിടുത്തങ്ങൾ നടത്തുന്നത്. തൻ്റെ കണ്ടുപിടുത്തങ്ങളുടെ വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ് അദ്ദേഹം.

By ETV Bharat Kerala Team

Published : Jul 11, 2024, 7:47 PM IST

ELECTRONICS EQUIPMENTS FROM SCRAP  KSRTC CONDUCTOR RETURNED EDISON  വെഞ്ഞാറമൂട്ടിലെ എഡിസൺ  ഇലക്ട്രോണിക്‌ ഉപകരണങ്ങൾ
Nandakumar (ETV Bharat)

ആക്രി വസ്‌തുക്കളിൽ നിന്ന് ഇലക്ട്രോണിക് വസ്‌തുക്കൾ നിർമിക്കുന്ന നന്ദകുമാർ (ETV Bharat)

തിരുവനന്തപുരം :വെഞ്ഞാറമൂട് സ്വദേശിയായ നന്ദകുമാറിന് ചെറുപ്പം മുതലേ ഇലക്ട്രോണിക്‌സിനോട് വലിയ കമ്പമായിരുന്നു. കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിർ കണ്ടക്‌ടറായിരുന്ന അദ്ദേഹം ഒരുമാസം മുമ്പാണ് ജോലിയിൽ നിന്ന് വിരമിച്ചത്. പക്ഷേ വെഞ്ഞാറമൂട്ടിലെ ജനങ്ങൾക്ക് നന്ദകുമാർ വെറുമൊരു കെഎസ്ആർടിസി ജീവനക്കാരൻ അല്ല. നാട്ടിലെ തോമസ് ആൽവ എഡിസൺ ആണ്.

കുട്ടിക്കാലത്ത് തന്നെ ആക്രി സാധനങ്ങളിൽ നിന്ന് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി നിർമിച്ചുകൊണ്ട് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചു. തുടർന്ന് നിരവധി കണ്ടുപിടുത്തങ്ങൾ. പലതും ഉപയോഗശൂന്യമായ ഇലക്ട്രോണിക് വസ്‌തുക്കളിൽ നിന്ന് ലഭിക്കുന്ന പാർട്‌സുകള്‍ ഉപയോഗിച്ച്.

കണ്ടുപിടിച്ച വസ്‌തുക്കൾ സ്‌കൂൾ എക്‌സിബിഷന് പ്രദർശനത്തിനായി നൽകും. ഇതൊരു പ്രധാന വരുമാനമാർഗം കൂടിയാണ്. കെഎസ്ആർടിസിയിലെ സ്ഥിരതയില്ലാത്ത ശമ്പളം തന്നിലെ ശാസ്ത്രജ്ഞനെ വളർത്താൻ പോന്നതായിരുന്നില്ല എന്നാണ് നന്ദകുമാറിൻ്റെ അഭിപ്രായം. കാണുമ്പോൾ നിസാരം എന്ന് തോന്നുമെങ്കിലും ലക്ഷക്കണക്കിന് രൂപ പല ഉപകരണങ്ങളും നിർമിക്കാൻ ഇക്കാലമത്രയും ചെലവായിട്ടുണ്ട്. ചെലവ് കുറഞ്ഞ രീതിയിലാണ് പല ഉപകരണങ്ങളും നിർമിച്ചിരിക്കുന്നത് എങ്കിലും വർഷങ്ങളോളം നീണ്ട പരീക്ഷണങ്ങൾക്കും നിരവധി ഉപകരണങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള കഷ്‌ടപ്പാടിനും റോ മെറ്റീരിയൽസിൻ്റെ ശേഖരണത്തിനും ധാരാളം പണം ചെലവായിട്ടുണ്ട്.

വെളിച്ചത്തിലൂടെ ശബ്‌ദം കടത്തിവിടുന്ന ഉപകരണം, വെളിച്ചത്തിലെ പ്രാഥമിക വര്‍ണങ്ങള്‍ (ചുവപ്പ്, പച്ച, നീല) വേർപെടുത്തി പ്രദർശിപ്പിക്കാനുള്ള ഉപകരണം, ലേസർ ഫെൻസിങ് മാതൃക, ഡിജിറ്റൽ റെക്കോഡർ തുടങ്ങി നന്ദകുമാർ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത് നിരവധി ഉപകരണങ്ങളാണ്. പഴയ ഓഡിയോ കാസറ്റ് ടേപ്പ് റെക്കോഡറിൽ ഇടാതെ വയർലെസ് ആയി പാട്ടു കേൾക്കുന്ന സംവിധാനങ്ങൾ ഒക്കെ കാഴ്‌ചക്കാരനെ അത്ഭുതപ്പെടുത്തും.

ചെറിയ രീതിയിൽ താൻ എക്സ്പെരിമെൻ്റിലൂടെ കണ്ടെത്തിയ ഉപകരണങ്ങൾ നിരത്തി ഒരു മ്യൂസിയവും നന്ദകുമാർ ഒരുക്കിയിട്ടുണ്ട്. ചെറിയ മ്യൂസിയം വലിയ രീതിയിൽ ഒരുക്കണമെന്നും സ്വന്തമായി പേറ്റൻ്റുള്ള ഒരു കണ്ടുപിടുത്തം നടത്തണമെന്നും ഒക്കെയാണ് നന്ദകുമാറിൻ്റെ ആഗ്രഹം. കഴിഞ്ഞ മാസം സർവീസിൽ നിന്ന് നന്ദകുമാർ വിരമിച്ചെങ്കിലും കെഎസ്ആർടിസി ജീവനക്കാർ നേരിടുന്ന പലതരത്തിലുള്ള പ്രതിസന്ധികളും നന്ദകുമാറും നേരിടുന്നുണ്ട്.

പെൻഷൻ അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്. എങ്കിലും തൻ്റെ സ്വപ്‌നങ്ങളുമായി മുന്നോട്ടു പോകാൻ തന്നെയാണ് നന്ദകുമാറിൻ്റെ തീരുമാനം. ചൂടിനെ റിഫ്ലക്‌ട് ചെയ്യുന്ന ഉപകരണം പോലെ തണുപ്പിനെ റിഫ്ലക്‌ട് ചെയ്യാനുള്ള ഉപകരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് നന്ദകുമാർ ഇപ്പോൾ.

Also Read:ഒറിജിനലിനെ വെല്ലുന്ന ഹെലിക്കോപ്‌ടറുണ്ടാക്കി ബിജു; ചെലവ് വെറും 40,000 രൂപ- വീഡിയോ

ABOUT THE AUTHOR

...view details