തിരുവനന്തപുരം: സംസ്ഥാന ഇന്‍റലിജന്‍സ് മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ചു. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിതനായതിനെ തുടര്‍ന്നാണ് ഇന്‍റലിജന്‍സ് തലപ്പത്ത് വിജയനെ നിയമിച്ചത്. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എഡിജിപിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു പി വിജയന്‍.
തൃശൂര്‍ പൊലീസ് അക്കാദമിയുടെ അധിക ചുമതല ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി എ അക്ബറിനു നല്‍കി. തൃശൂര്‍ പൂരം കലക്കിയത് ഉള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങളെ തുടര്‍ന്ന് എം ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയില്‍ നിന്ന് മാറ്റി പകരം മനോജ് എബ്രഹാമിനെ ആ പദവിയില്‍ നിയമിച്ചതോടെയാണ് എഡിജിപി തലപ്പത്ത് മാറ്റം അനിവാര്യമായത്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ മുഖ്യപ്രതിയെ മഹാരാഷ്‌ട്രയില്‍ നിന്ന് കേരള പൊലീസ് പിടികൂടി കേരളത്തിലേക്കു കൊണ്ടുവരുന്നതിന്‍റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തി നേരത്തെ പി വിജയനെ സര്‍വ്വീസില്‍ നിന്ന സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
എം ആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച ശേഷം തിരികെയിത്തിയ വിജയനെ തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എഡിജിപിയായി സര്‍ക്കാര്‍ നിയമിച്ചു. പൊലീസ് തലപ്പത്ത് വരും ദിവസങ്ങളില്‍ കൂടുതല്‍ അഴിച്ചുപണിക്കു സാധ്യതയുള്ളതായാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ കോഴിക്കോട് സ്വദേശിയാണ്. തൃശൂര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ സിറ്റി പൊലീസ് കമ്മിഷണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. സ്‌റ്റൂഡന്‍റസ് പൊലീസ് കേഡറ്റ്, ശബരിമല പുണ്യം പൂങ്കാവനം എന്നീ പദ്ധതികള്‍ക്കു പിന്നില്‍ പി വിജയന്‍റെ ആശയങ്ങളായിരുന്നു.
1999 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഡോ. എം ബീനയാണ് വിജയന്‍റെ ഭാര്യ. നിലവില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്‌റ്റ് ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയാണ് ബീന.