ന്യൂഡൽഹി: ഇന്ത്യന്‍ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ നാളെ കളിക്കളത്തില്‍. സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ബംഗ്ലാദേശിനെ നേരിടും. മൂന്ന് മത്സരങ്ങളടങ്ങിയ ടി20യിലെ രണ്ടാം മത്സരമാണ് നാളെ ഡല്‍ഹിയില്‍ നടക്കുന്നത്. അതേസമയം ഐസിസി വനിതാ ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ശ്രീലങ്കയുമായി ഏറ്റുമുട്ടും.
പെണ്‍പടയ്‌ക്ക് നിര്‍ണായകം
വനിതാ ടി20 ലോകകപ്പിലെ ഇന്ത്യയുടെ നാളെത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ശ്രീലങ്കയ്‌ക്കെതിരായ മത്സരം ദുബായ് ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30 മുതൽ നടക്കും. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഇന്ത്യയെ 58 റൺസിന് പരാജയപ്പെടുത്തിയിരുന്നു. രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനെ 6 വിക്കറ്റിന് തകർത്തതാണ് ഇന്ത്യയ്‌ക്ക് ആശ്വാസമായത്. ഒക്ടോബർ 13ന് ഓസ്‌ട്രേലിയയാണ് അവസാന എതിരാളി. ശ്രീലങ്കയ്ക്കും ഓസ്‌ട്രേലിയക്കുമെതിരായ ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യക്ക് നേരിട്ട് സെമിയിലെത്താം. അല്ലെങ്കില്‍ മറ്റു ടീമുകളുടെ ജയപരാജയങ്ങളെ അനുസരിച്ചാകും ഇന്ത്യയുടെ സെമി പ്രതീക്ഷ.
Gwalior ✈️ Delhi#TeamIndia have arrived for the 2nd #INDvBAN T20I 👌👌@IDFCFIRSTBank pic.twitter.com/jBWuxzD0Qe
— BCCI (@BCCI) October 8, 2024
ഇന്ത്യയും ബംഗ്ലാദേശും വീണ്ടും ഏറ്റുമുട്ടും
ഇന്ത്യ-ബംഗ്ലാദേശ് പുരുഷ ടീമുകളുടെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഒക്‌ടോബര്‍ ആറിന് ആരംഭിച്ചു. ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടി. നാളെ നടക്കുന്ന മത്സരം ജയിച്ച് വീണ്ടും പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യൻ ടീമിന്‍റെ ശ്രമം. എന്നാല്‍ തിരിച്ചുവരവ് നടത്തി പരമ്പര സമനിലയിലാക്കാനാണ് ബംഗ്ലാദേശിന്‍റെ നീക്കം. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
രണ്ട് മത്സരങ്ങളും എവിടെ തത്സമയം കാണാം
വനിതാ ടി20 ലോകകപ്പിലെ ഇന്ത്യ vs ശ്രീലങ്ക മത്സരം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. തത്സമയ സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ലഭ്യമാണ്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഇന്ത്യയിൽ സ്പോർട്‌സ് 18 നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. തത്സമയ സ്ട്രീമിങ് ജിയോ സിനിമയിൽ കാണാൻ കഴിയും.
Also Read: അന്താരാഷ്ട്ര മത്സരങ്ങൾക്ക് ബുംറ ഉപയോഗിക്കുന്ന ഷൂവിന്‍റെ വില എത്രയാണെന്ന് അറിയാമോ?