എറണാകുളം: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് എരുമേലി ക്ഷേത്ര പരിസരത്തെ പൊട്ട് കുത്തലിന് സൗജന്യ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പണപ്പിരിവ് നടത്തില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. കുറി തൊടുന്നതിന് മൂന്ന് കണ്ണാടികളടക്കം സ്ഥാപിച്ചിട്ടുണ്ടെന്നും ബോര്‍ഡ് കോടതിയില്‍ പറഞ്ഞു. തുടർന്ന് ചന്ദനവും സിന്ദൂരവും സൗജന്യമായി ഭക്തർക്ക് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഹൈക്കോടതി കുത്തക ഹോൾഡർമാരോ മറ്റോ ഭക്തരെ ചൂഷണം ചെയ്യാൻ പാടില്ലെന്നും ഓർമിപ്പിച്ചു.
കൂടാതെ പൊട്ടു തൊടല്‍ ആചാരത്തിന്‍റെ ഭാഗമല്ലെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. എരുമേലി എസ്എച്ച്ഒ, ടെൻഡർ നേടിയവരെയും ഹർജിയിൽ കക്ഷി ചേർത്ത ഹൈക്കോടതി വിഷയം വീണ്ടും പരിഗണിക്കാനായി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. എരുമേലിയിൽ കുറി തൊടാൻ പണപ്പിരിവ് ഏർപ്പെടുത്തി ദേവസ്വം ബോർഡ് കരാർ നടപടികളുമായി നേരത്തെ മുന്നോട്ടു പോയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ദേവസ്വം ബോർഡ് നടപടിയെ കഴിഞ്ഞ തവണ ഹൈക്കോടതി നിശിത ഭാഷയിൽ വിമർശിച്ചിരുന്നു. ദേവസ്വത്തിന് ഏഴ് ലക്ഷമാണ് ലഭിക്കുന്നതെങ്കിൽ കരാറുകാരന് കോടികളാകും ലഭിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഭക്തരില്‍ കടം വാങ്ങിയും മറ്റും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഒരുപാട് പേരുണ്ട്. അതിനാൽ ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Also Read: എരുമേലി പൊട്ട് കുത്തൽ ക്ഷേത്രാചാരമല്ലെന്ന് ദേവസ്വം ബോർഡ്; ചൂഷണം തടയാന്‍ സൗജന്യ സംവിധാനമൊരുക്കും