തിരുവനന്തപുരം : കൊടും ചൂടിൽ കേരളം വെന്തുരുകുമ്പോൾ സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. മാർച്ച് 26ന് 103.86 ദശലക്ഷം യൂണിറ്റ് ആണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. കഴിഞ്ഞ വർഷം ഏപ്രിൽ 19ന് രേഖപ്പെടുത്തിയ 102.99 ദശലക്ഷം യൂണിറ്റ് എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തപ്പെട്ടത് (Electricity Usage Kerala).
മാത്രമല്ല പീക്ക് സമയ ആവശ്യകതയും റെക്കോർഡിട്ടു. മാർച്ച് 26 വൈകുന്നേരം 6 മുതൽ 11 വരെയുള്ള പീക്ക് സമയത്ത് എറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആയിരുന്നു. ഇത് സർവകാല റെക്കോർഡ് ആണ്. മാർച്ച് 21ന് രേഖപ്പെടുത്തിയ 5150 മെഗാവാട്ട് ആയിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ആവശ്യകത.
വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സംസ്ഥാനത്ത് താപനില മുന്നറിയിപ്പും തുടരുകയാണ്. പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് അറിയിപ്പ്.
മാർച്ച് 31 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 3 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് (Electricity Usage Kerala).